പണ്ട് നാട്ടു രാജാക്കാന്മാര്‍ക്ക് മുകളിലുണ്ടായിരുന്ന റസിഡന്റുമാര്‍ ഇപ്പോഴത്തെ സര്‍ക്കാരിന് മുകളില്‍ ഇല്ല, എല്ലാവരും ഓര്‍ത്താല്‍ നന്നാകും; ഗവര്‍ണര്‍ക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി

മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പണ്ട് നാട്ടു രാജാക്കാന്മാര്‍ക്ക് മുകളിലുണ്ടായിരുന്ന റസിഡന്റുമാര്‍ ഇപ്പോഴത്തെ സര്‍ക്കാരിന് മുകളില്‍ ഇല്ലെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്നാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മലപ്പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള് ചില ആളുകള്‍ ചോദിച്ചു. ആരാണ് ഇവര്‍ക്ക് അതിന് അധികാരം നല്കിയതെന്ന്. അവരോടൊക്കെ വിനയത്തോടെ പറയാനുള്ളത് അതിനുള്ള അധികാരമൊക്കെ നിയമസഭയ്ക്കുണ്ടെന്നാണ്. നമ്മളെല്ലാം ആദരിക്കുന്ന ഭരണ ഘടനയെന്ന പുസ്തകം ഒന്ന് വായിച്ച് നോക്കിയാല്‍ മതി. അത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം അതില്‍ നിന്ന് ലഭിക്കും’ – മുഖ്യമന്ത്രി വ്യക്തമാക്കി.

പണ്ട് നാട്ടുരാജക്കന്മാരുടെ മേലെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ മേലെ അത്തരം റസിഡന്റുമാര്‍ ഇല്ല എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ആ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായി ഉള്‍ക്കൊള്ളാന്‍ പറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version