നിലവിട്ട പെരുമാറ്റം മാധ്യമ പ്രവര്‍ത്തകരോട് വേണ്ട; സെന്‍കുമാര്‍ മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരായ വാര്‍ത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

ഗുണ്ടകളുമായാണ് ടിപി സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. അവര്‍ റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ അനിഷ്ട സംഭവമായി ഇത് മാറാത്തത്. വാര്‍ത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവര്‍ത്തകരും ഒഴികെ ആരും വാര്‍ത്താ സമ്മേളന ഹാളില്‍ പ്രവേശിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.

സെന്‍കുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേല്‍ മാധ്യമ പ്രവര്‍ത്തകരോട് വേണ്ട. ഈ സംഭവത്തെ യൂണിയന്‍ ഒരിക്കല്‍ക്കൂടി അപലപിക്കുന്നുവെന്നും യൂണിയന്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിനിടെ സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സെന്‍കുമാര്‍ മോശമായി പെരുമാറിയത്.

Exit mobile version