ഡ്രൈവിങ് പരിശീലനത്തിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; ഡ്രൈവിങ് സ്‌കൂള്‍ ഉടമ അറസ്റ്റില്‍

തൃശ്ശൂര്‍: ഡ്രൈവിങ് പരിശീലനത്തിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച ഡ്രൈവിങ് സ്‌കൂള്‍ ഉടമ അറസ്റ്റില്‍. ചാലക്കുടി അരുണ്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും ഡ്രൈവിങ് പഠിപ്പിക്കുന്നയാളുമായ ചാലക്കുടി സ്വദേശി ജി രാധാകൃഷ്ണനെ(58)യാണ് അതിരപ്പിള്ളി പോലീസ് അറസ്റ്റുചെയ്തത്.

അതിരപ്പിള്ളി സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവിങ് പരിശീലനത്തിനിടെ പിള്ളപ്പാറയില്‍ നിന്ന് വെറ്റിലപ്പാറ ഭാഗത്തേക്കു വരുന്നവഴിയില്‍വെച്ച് രാധാകൃഷ്ണന്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെതുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ഡ്രൈവിങ് സ്‌കൂളിന്റെ കാറും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.

Exit mobile version