പട്ടാപകല്‍ കവര്‍ച്ചയ്ക്ക് കയറി; ഒന്നും കിട്ടാതെ വന്ന ദേഷ്യത്തില്‍ വീടിന് തീയിട്ട് മോഷ്ടാവ്! കമ്പ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചു, സംഭവം വടക്കാഞ്ചേരിയില്‍

പകല്‍ രണ്ടുമണിക്കാണ് കള്ളന്‍ വീട്ടില്‍ കയറിയത്.

വടക്കാഞ്ചേരി: പട്ടാപകല്‍ മോഷണത്തിന് കയറി കള്ളന്‍ ഒന്നും കിട്ടാതെ വന്നപ്പോള്‍ വീടിന് തീയിട്ടു. കമ്പ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാധനങ്ങളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം റോഡില്‍ കാഞ്ഞിരക്കോട് പാല ബസ്സ്റ്റോപ്പിന് മുന്‍വശം പുറവൂര്‍ വീട്ടില്‍ ഗിരിജാ വല്ലഭന്റെ വീടാണ് മോഷ്ടാവ് അഗ്നിയ്ക്ക് ഇരയാക്കിയത്.

പകല്‍ രണ്ടുമണിക്കാണ് കള്ളന്‍ വീട്ടില്‍ കയറിയത്. ബംഗളൂരുവില്‍ മകളുടെ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു കുടുംബം. പകല്‍ രണ്ടുമണി വരെ കാവല്‍ക്കാരന്‍ വീട്ടിലുണ്ടായിരുന്നു. ഇയാള്‍ പുറത്തുപോയതിനു ശേഷമാണ് കവര്‍ച്ചാ ശ്രമം നടന്നതെന്നാണ് അനുമാനം. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. അകത്ത് മുറികളിലുള്ള അലമാരകളിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടിയിരിക്കുകയാണ്.

വീട്ടില്‍നിന്ന് ഒന്നും ലഭിക്കാതായതോടെ രോഷം പൂണ്ട കള്ളന്‍ കമ്പ്യൂട്ടര്‍ അടക്കം ഇരിക്കുന്ന മുറിയില്‍ തീയിടുകയായിരുന്നു. കമ്പ്യൂട്ടര്‍, ടിവി, കട്ടില്‍ അടക്കമുള്ള സാധനങ്ങള്‍ കത്തിച്ചാമ്പലായി. തീ ആളിപ്പടരുന്നത് കണ്ടപ്പോഴാണ് സമീപവാസികള്‍ വിവരമറിയുന്നത്. വീടിന്റെ പുറകുവശം നെല്‍പ്പാടവും പുഴയോരവുമാണെന്നതിനാല്‍ ഇതുവഴിയാകും മോഷ്ടാവ് വന്നതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിശമന സേനാവിഭാഗം മുന്‍വശത്തെ ജനല്‍വാതില്‍ തകര്‍ത്ത് തീയണച്ചതിനു ശേഷമാണ് പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടക്കുന്നതായി കണ്ടത്. ബംഗളൂരുവിലുള്ള ഗിരിജാവല്ലഭന്‍ തിരികെയെത്തിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം നിജപ്പെടുത്താന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

Exit mobile version