ഫ്‌ളാറ്റുകള്‍ പൊളിച്ചു; മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ ഇന്ന് അറിയിക്കും

മരടില്‍ ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചത്.

ന്യൂഡല്‍ഹി: മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ ഇന്ന് അറിയിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളും കോടതിയെ അറിയിക്കും.

മരടില്‍ ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചത്. അതോടൊപ്പം ഫ്‌ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫാ സെറീന്‍ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം – എന്നിവ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8-നാണ് സുപ്രീംകോടതി ഉത്തരവിടുന്നത്. പിന്നീട് പല തവണ പുനഃപരിശോധനാ ഹര്‍ജികളായും തിരുത്തല്‍ ഹര്‍ജികളായും വിധി നടപ്പാക്കുന്നത് വൈകി. ഒടുവില്‍ ഉത്തരവ് പാലിക്കാതിരുന്നതിനാല്‍ കോടതി വീണ്ടും സ്വമേധയാ കേസെടുത്ത് ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി. ഇതേത്തുടര്‍ന്ന് ഫ്‌ളാറ്റുകള്‍ എത്രയും പെട്ടെന്ന് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ഫെബ്രുവരി 9-ാം തീയതിക്ക് അകം, ഫ്‌ലാറ്റുകള്‍ നിന്നിരുന്ന സ്ഥലം അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത് പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ഒക്ടോബര്‍ 25-ാം തീയതി സുപ്രീംകോടതിയെ അറിയിച്ചത്. ഏതാണ്ട് എഴുപത് ദിവസത്തിനകം സ്ഥലത്ത് നിന്ന് പൂര്‍ണമായും അവശിഷ്ടങ്ങള്‍ നീക്കാമെന്നാണ് പൊളിക്കല്‍ ചുമതലയുണ്ടായിരുന്ന എഡിഫൈസ് കമ്പനിയുടെ എംഡി ഉത്കര്‍ഷ് മേത്ത മാധ്യമങ്ങളോട് പറഞ്ഞത്.

Exit mobile version