ഫ്‌ളാറ്റുകള്‍ വിജയകരമായി തകര്‍ത്തു! പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്ന് കമ്മീഷണര്‍! സന്തോഷം അറിയിച്ച് കളക്ടര്‍

എച്ച്2ഒ, ആല്‍ഫ എന്നിവ തകര്‍ത്തപ്പോള്‍ കായലിനോ, സമീപത്തെ വീടുകള്‍ക്കോ, മറ്റ് നിര്‍മ്മിതികള്‍ക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.

കൊച്ചി: മരടിലെ രണ്ട് ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസും സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയും. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ഇന്ന് പൂര്‍ത്തീകരിച്ചതെന്ന് ഇരുവരു പറഞ്ഞു. ഫ്‌ളാറ്റ് കെട്ടിടം തകര്‍ക്കുന്ന ജോലികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

‘എച്ച്2ഒ, ആല്‍ഫ എന്നിവ തകര്‍ത്തപ്പോള്‍ കായലിനോ, സമീപത്തെ വീടുകള്‍ക്കോ, മറ്റ് നിര്‍മ്മിതികള്‍ക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആല്‍ഫ ടു തകര്‍ക്കുന്നതിന് മുന്‍പ് തന്നെ കായലിലേക്ക് അതിന്റെ ഒരു ഭാഗം വീഴ്ത്തുമെന്ന് അറിയിച്ചിരുന്നു. ചുറ്റുമുള്ള വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു ഇത്’കമ്മിഷണര്‍ പറഞ്ഞു.

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദ്ധരുടേയും സഹായത്തോടെയാണ് മരടിലെ രണ്ട് ഫ്‌ളാറ്റുകളും വിജയകരമായി പൊളിച്ചത്.

Exit mobile version