മരടിലെ ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നതില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് എം സ്വരാജ്

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച് മാറ്റുന്നതില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് എം സ്വരാജ് എംഎല്‍എ. പൊളിക്കലിന്റെ ഭാഗമായി വന്‍ സുരക്ഷയണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല സുരക്ഷാ കാര്യങ്ങളില്‍ കമ്പനി അധികൃതരും വലിയ ആത്മ വിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂറല്ല നൂറ്റമ്പത് ശതമാനം ആത്മവിശ്വാസം ഇക്കാര്യത്തില്‍ ഉണ്ടെന്നാണ് കമ്പനി അധികൃതര്‍ ആവര്‍ത്തിക്കുന്നതെന്നും അത് മുഖവിലക്ക് എടുത്ത് മുന്നോട്ട് പോകുകയാണെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് പ്രദേശവാസികള്‍ക്കിടയില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. സുരക്ഷ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ എത്രയൊക്കെ ഉറപ്പ് നല്‍കിയിട്ടും ജനവാസമേഖലയിലുള്ളര്‍ ഇപ്പോഴും ഭീതിയിലാണ്. പൊളിക്കുന്ന ഫ്‌ലാറ്റുകളുടെ നിശ്ചിത പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ജലഗതാഗതത്തിന് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മരടില്‍ ഇന്ന് രണ്ട് ഫ്‌ളാറ്റുകളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇതിനു മുന്നോടിയായി ഫ്‌ലാറ്റ് പൊളിക്കലിന് കരാറെടുത്ത കമ്പനിയുടെ പൂജയും നടന്നു. ആദ്യ സ്‌ഫോടനം രാവിലെ 11ന് കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്തില്‍, രണ്ടാം സ്‌ഫോടനം തൊട്ടുപിന്നാലെ നെട്ടൂര്‍ ആല്‍ഫ സെറീന്‍ ഫ്‌ലാറ്റില്‍. മറ്റു രണ്ടെണ്ണം (ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം) നാളെയാണു തകര്‍ക്കുക.

Exit mobile version