രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ല; പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയതിനെ വിമര്‍ശിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് ഗവര്‍ണറുടെ പ്രസ്താവന. ഇത് കേരളത്തിലെ ജനങ്ങളുടെ പണമാണെന്നും, കേരളത്തില ജനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിഭിന്നാഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ പ്രശ്‌നമില്ല. എന്നാല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ പ്രചാരണം നടത്തുന്നതിനായി പൊതുപണം വിനിയോഗിക്കുന്നത് തെറ്റാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൊതുപണം കൃത്യമായി ഉചിതമായി വിനിയോഗിക്കണമെന്ന് മാത്രമാണ് തന്റെ അഭിപ്രായം. അത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും, സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version