രജിസ്റ്റര്‍ ചെയ്ത യുവതികള്‍ പിന്മാറുന്നു..! ദര്‍ശനം നടത്താന്‍ സ്ത്രീകള്‍ എത്തുന്നില്ല; സംരക്ഷണം ആവശ്യപ്പെട്ട് ആരും എത്തിയില്ലെന്ന് പോലീസ്

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ശബരിമല ദര്‍ശനത്തിന് സംരക്ഷണം തേടി യുവതികളാരും പോലീസിനെ സമീപിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം നേരത്തെ വെര്‍ച്ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത യുവതികളും ഇപ്പോള്‍ പിന്മാറുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യുവതികളും പമ്പയില്‍ യാത്ര അവസാനിപ്പിക്കുകയാണ്.

അതേസമയം സുപ്രീ കോടതി വിധി നടപ്പാക്കുന്നതിനായി ദര്‍ശനം നടത്താനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പോലീസ് സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയ സംവിധാനമാണ് 12890 എന്ന ടോള്‍ ഫ്രീ നമ്പര്‍. സംരക്ഷണം ആവശ്യമെങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതി. എന്നാല്‍ ആരും ഇതിന് തയ്യാറാകുന്നില്ല. ഈ നമ്പറില്‍ വിളിച്ച് ആദ്യം സംരക്ഷണം തേടിയത് തൃപ്തി ദേശായിയാണ്.

പിന്നീട് മറ്റൊരു യുവതിയും ഈ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും വൈകാതെ പിന്മാറുകയായിരുന്നു. നിലവില്‍ ഒരു സ്ത്രീയും ശബരിമല ദര്‍ശനത്തിനായി സംരക്ഷണം തേടിയിട്ടില്ലന്ന് പോലീസ് ചീഫ് കണ്‍ട്രോള്‍ റൂം അറിയിച്ചു. എഡിജിപി അനില്‍ കാന്തിന്റെയും ഐജി മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം.

എന്നാല്‍ ആദ്യ ദിനങ്ങളില്‍ അഞ്ഞൂറിലേറെ പേര്‍ വെര്‍ച്ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് എണ്ണം കുറഞ്ഞു, ഇപ്പോള്‍ നിത്യേനെ അഞ്ചോ പത്തോ പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇവരില്‍ തന്നെ പലരും വരുന്നുമില്ല. വരുന്നവരാകട്ടെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച പൊലീസിന്റെ വിശദീകരണം കേള്‍ക്കുമ്പോള്‍ പിന്മാറുകയും ചെയ്യുന്നു.

മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന യുവതികളെല്ലാം തന്നെ പമ്പയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ഇത്തരത്തിലെത്തുന്ന യുവതികള്‍ക്ക് വിശ്രമിക്കാനായി പമ്പ പോലീസ് സ്റ്റേഷനിലും ഗാര്‍ഡ് റൂമിലും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.

Exit mobile version