പ്രളയ ബാധിത മേഖലകളില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുന്നു; പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യപ്പെട്ട് കര്‍ഷകര്‍

കണ്ണൂര്‍: പ്രളയത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുന്നു. 2018ലെ പ്രളയത്തിന് ശേഷം കൊട്ടിയൂരില്‍ മാത്രം മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് ആത്മഹത്യയെന്നാണ് സൂചന. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവരാണ് ആത്മഹത്യ ചെയ്ത കര്‍ഷകരെല്ലാം.

2019 ഫെബ്രുവരിയിലാണ് കൊട്ടിയൂര്‍ കണിച്ചാറിലെ ഷിജോ ജോസഫ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ആദ്യ പ്രളയത്തില്‍ ഷിജോയുടെ വീടും കൃഷിയും പൂര്‍ണമായും നശിച്ചിരുന്നു. ഇതോടെ ബാങ്കില്‍ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി. തുടര്‍ന്ന് ജപ്തി നോട്ടീസ് കൂടി വന്നതോടെ ഷിജോ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാര്യയും അമ്മയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് കാര്യമായ വരുമാന മാര്‍ഗമോ അടച്ചുറപ്പുള്ള വീടോ ഇല്ല. തിരിച്ചടക്കാത്ത വായ്പയുടെ പേരില്‍ ബാങ്ക് ഇപ്പോഴും ഇവരെ വേട്ടയാടുകയാണ്.

കൃഷി ആവശ്യത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാല്‍ച്ചുരം സ്വദേശി സാബുവുംആത്മഹത്യ ചെയ്തത്. വാഴ കര്‍ഷകനായിരുന്ന സാബു കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യ ചെയ്ത കൊളക്കാട് സ്വദേശി ആന്‍ഡ്രൂസിനും കടബാധ്യതകള്‍ ഏറെയായിരുന്നു. കട ബാധ്യത തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷക ആത്മഹത്യ കൂടി വരികയാണ്. വായ്പകളില്‍ മേല്‍ ഉള്ള ബാങ്കുകളുടെ ജപ്തി നടപടികളാണ് പ്രളയ ബാധിത മേഖലകളിലെ ആത്മഹത്യകള്‍ക്ക് കാരണമെന്നാണ് പരാതി. പ്രളയ ബാധിത മേഖലകളിലുള്ള നിരവധി കര്‍ഷകര്‍ ഇപ്പോഴും ജപ്തി ഭീഷണിയിലാണ്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Exit mobile version