ജിഎന്‍പിസി അഡ്മിന്‍ അജിത് കുമാറിന് ജാമ്യം

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലെ മദ്യപ്രേമികളുടെ കൂട്ടായ്മയായ ജിഎന്‍പിസിയുടെ അഡ്മിന്‍ ടിഎല്‍ അജിത് കുമാറിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് കോര്‍ട്ട് മജിസ്ട്രേറ്റില്‍ നിന്നാണ് അജിത് കുമാറിന് ജാമ്യം ലഭിച്ചത്.

ഹൈക്കോടതി അഭിഭാഷകന്‍ നിരീഷ് മാത്യു ആണ് ഇദ്ദേഹത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചു കേസെടുത്ത അജിത് കുമാര്‍ ഇന്ന് രാവിലെയാണ് എക്സൈസ് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്.

ഗ്രൂപ്പില്‍ വന്ന ഒന്നോ രണ്ടോ പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ എക്‌സൈസ് വകുപ്പും മാധ്യമങ്ങളും ആരോപണങ്ങള്‍ ഉന്നയിച്ചത്. ജിഎന്‍പിസി കൂട്ടായ്മ ഒരു മീറ്റ് അപ്പ് നടത്തിയതിനു പിന്നലെ താന്‍ മധ്യ വില്പന നടത്തി എന്നാരോപിച്ചാണ് എക്‌സൈസ് കേസെടുത്തത്.

മദ്യപാനം പ്രോത്സാഹിപ്പാക്കാനായി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചു, മദ്യപാന സദസ്സുകളില്‍ കുട്ടികളെ ഉപയോഗിച്ചു, സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിച്ചു എന്നിവയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യവും നടന്നിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലും താന്‍ മദ്യ വില്പനയോ എക്‌സൈസ് ആരോപിച്ച മറ്റു നിയമ ലംഘനങ്ങളോ നടത്തിയിട്ടില്ല എന്ന് കോടതിക്ക് പരിപൂര്‍ണ ബോധ്യം വന്നതിന്റെഏ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കുകയായിരുന്നു- അജിത് കുമാര്‍ പ്രതികരിച്ചു.

ജിഎന്‍പിസി എന്ന ചുരുക്കപ്പേരില്‍ സൈബര്‍ ലോകത്ത് പ്രശസ്തിയാര്‍ജ്ജിച്ച ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഗ്രൂപ്പിനെതിരെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചത്.

Exit mobile version