വ്യാജപ്രചാരണം; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് ജില്ലാ കളക്ടര്‍

കല്‍പ്പറ്റ: വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് ബിജെപിക്കെതിരെ വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഐഎഎസ് രംഗത്ത്. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി പുറത്തിറക്കിയ ലഘുലേഖ വയനാട് ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങിയെന്ന നിലയില്‍ ബിജെപി രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് അദീല അബ്ദുള്ള പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു ബിജെപിയുടെ രാഷ്ട്രീയ പ്രചാരണം. ഓഫീസില്‍ വരുന്നവരെ കാണുക എന്നതും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അപേക്ഷകളോ എഴുത്തോ ആയി നല്‍കുന്നത് വാങ്ങി വെക്കുക എന്നതും തന്റെ ചുമതലയുടെ ഭാഗം മാത്രമാണെന്നും ഇതിനെ മറ്റു രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.

പ്രാദേശിക ബിജെപി നേതാക്കള്‍ ആണ് കളക്ടറുടെ ക്യാമ്പ് ഹൗസില്‍ എത്തി ലഘുലേഖ നല്‍കിയ ശേഷം ഫോട്ടോയെടുത്തു പ്രചരിപ്പിച്ചത്. ലഘുലേഖയില്‍ പറയുന്ന കാര്യങ്ങളോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഐഎഎസ് വ്യക്തമാക്കിയിട്ടുണ്ട്.

ഡോ. അദീല അബ്ദുല്ല പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വയനാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് സന്ദര്‍ശിക്കുകയും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു. അതിന്റെ ഫോട്ടോ ഇപ്പോള്‍ ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഒരു പൊളിറ്റിക്കല്‍ ക്യാമ്പൈനിനായി പലരും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ജില്ലയുടെ ഭരണാധികാരി എന്ന നിലയില്‍ തന്റെ ഓഫീസില്‍ വരുന്നവരെ കാണുക എന്നതും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അപേക്ഷകളോ എഴുത്തോ ആയി നല്‍കുന്നത് വാങ്ങി വെക്കുക എന്നതും എന്റെ ചുമതലയുടെ ഭാഗം മാത്രമാണ്. ഇതിനെ മറ്റു രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ഇതിനാല്‍ ആവശ്യപ്പെടുന്നു.

Exit mobile version