ദേശീയ പണിമുടക്ക്; സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിയോട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

കോഴിക്കോട്: നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറൂദീനാണ് ഇക്കാര്യം അറിയിച്ചത്. പണിമുടക്കുമായി വ്യാപാരികള്‍ സഹകരിക്കില്ലെന്നും നാളെ കടകളെല്ലാം തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നാളെ പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിയോട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ നടക്കുന്ന പണിമുടക്ക് വ്യാപാരികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയല്ലെന്നും അതുകൊണ്ടാണ് സഹകരിക്കാത്തത് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. അതേസമയം ശബരിമല തീര്‍ത്ഥാടകരേയും ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version