മുത്തൂറ്റ് എംഡിയെ ആക്രമിച്ചത് തൊഴിലാളികളാണെന്നു കരുതുന്നില്ല, പ്രകോപനപരമായ നിലപാടു സ്വീകരിക്കുന്നത് മാനേജ്‌മെന്റ് ; ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറെ ആക്രമിച്ചത് തൊഴിലാളികളാണെന്നു കരുതുന്നില്ലെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ നിലപാടു സ്വീകരിക്കുന്നത് മാനേജ്‌മെന്റ് ആണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മൂത്തൂറ്റ് എംഡിക്കെതിരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം നടക്കട്ടെ. മുത്തൂറ്റ് കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.നേരത്തെ സര്‍ക്കാരും മാനേജ്‌മെന്റുമെല്ലാം ചര്‍ച്ച ചെയ്ത് മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയിരുന്നെന്നും എന്നാല്‍ സമരം പിന്‍വലിച്ചതോടെ ഇവ നടപ്പാക്കുന്നതില്‍ നിന്ന് മാനേജ്‌മെന്റ് പിന്നാക്കം പോവുകയാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമരം ചെയ്തതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ് മാനേജ്‌മെന്റ്. പ്രകോപനപരമായ നിലപാടു സ്വീകരിക്കുന്നത് മാനേജ്‌മെന്റ് ആണ്. മുത്തൂറ്റ് മാനേജ്‌മെന്റ് മാധ്യമപ്രവര്‍ത്തകരോടു പോലും എങ്ങനെയാണ് പെരുമാറിയതെന്ന് എല്ലാവരും കണ്ടതാണ്. പ്രതികാരമനോഭാവത്തോടെയല്ല സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ സമീപിക്കുന്നതെന്നും മാനേജ്‌മെന്റ് നിലപാടു മാറ്റിയാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നും തൊഴില്‍ മന്ത്രി വ്യക്തമാക്കി.

Exit mobile version