‘മുഖംമൂടി അണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല’; ടൊവീനോ തോമസ്

തൃശ്ശൂര്‍: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ ടൊവീനോ തോമസ്. വിദ്യാര്‍ത്ഥികള്‍ മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്നെങ്കില്‍ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചത്. മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല എന്ന് പറഞ്ഞാണ് ടൊവീനോ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം നിവിന്‍ പോളിയും ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ജെഎന്‍യുവിലുണ്ടായത് ഭീകരവും പേടിപ്പെടുത്തുന്നതുമായ സംഭവമാണെന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും നിവിന്‍ പോളി പറഞ്ഞു.

ടൊവീനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍, മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്നെങ്കില്‍, നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്. മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !
ജയ് ഹിന്ദ്.

Exit mobile version