അഞ്ജുവിന് മംഗല്യ ഭാഗ്യമൊരുക്കി മുസ്ലീം ജമാഅത്ത്; ഇത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളില്‍ വേര്‍തിരിവുണ്ടാക്കുന്നവര്‍ക്കുള്ള മറുപടി

കായംകുളം: ജാതി മത ചിന്തകള്‍ക്കതീതമായി നിര്‍ധനകുടുംബത്തിലെ ഹിന്ദു യുവതിക്ക് മംഗല്യ ഭാഗ്യമൊരുക്കി മനുഷ്യത്വത്തിന്റെ മാതൃകയായിരിക്കുകയാണ് ചേരാവള്ളി മുസ്ലീം ജമാഅത്ത്. മകള്‍ അഞ്ജുവിന്റെ കല്യാണം നടത്താന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന ബിന്ദുവിനാണ് മുസ്ലീം ജമാഅത്ത് സഹായമൊരുക്കിയത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ചേരാവള്ളി ജമാഅത്തിന്റെ പ്രവര്‍ത്തനം.

ജനുവരി 19-നാണ് അഞ്ജുവിന്റെ വിവാഹം നടക്കുക. ചേരാവള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബിന്ദു മകളുടെ വിവാഹം നടത്താന്‍ വഴിയില്ലാതെ വിഷമത്തിലായിരുന്നു. ഇതിനിടെയാണ് ഇവര്‍ സഹായം തേടി മുസ്ലീം ജമാഅത്തിനെ സമീപിച്ചത്.

ആവശ്യമായ എല്ല ചെലവുകളും വഹിക്കാമെന്ന് ജമാ അത്ത് അറിയിച്ചു. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

കാപ്പില്‍ കിഴക്ക് തെട്ടേ തെക്കടുത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത് ശശിയാണ് വരന്‍. 19-ന് രാവിലെ 11.30-നും 12.30-നും മധ്യേ ചേരാവള്ളി ജമാ അത്ത് പള്ളിക്ക് സമീപം ഫിത്വറ ഇസ്ലാമിക് അക്കാദമിയില്‍ വെച്ചാണ് വിവാഹം. വീട്ടുകാര്‍ക്കൊപ്പം ജമാ അത്ത് കമ്മിറ്റിയും വിവാഹ ക്ഷണക്കത്ത് എല്ലാവര്‍ക്കും നല്കിയിരിക്കുകയാണ്.

Exit mobile version