മലയാളികള്‍ എന്നു കേട്ടാല്‍ ഭ്രാന്ത് പിടിക്കും; എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടും; കേന്ദ്ര സര്‍ക്കാരിനെതിരെ എകെ ബാലന്‍

തിരുവനന്തപുരം: ഇപ്പോള്‍ മലയാളികള്‍ എന്നു കേട്ടാല്‍ കേന്ദ്രസര്‍ക്കാരിന് ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണെന്ന് മന്ത്രി എകെ ബാലന്‍. റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം.തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കുന്നത്.

‘മലയാളികള്‍ എന്നു കേട്ടാല്‍ ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലാകുന്നില്ല. പത്മ അവാര്‍ഡിന് കേരളം നല്‍കുന്ന നാമനിര്‍ദേശങ്ങളും കേന്ദ്രം തള്ളുകയാണെന്നും എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും’ മന്ത്രി ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിന് പിന്നാലെയാണ് കേരളത്തിന്റേയും റിപ്പബ്ലിക് ദിന പരേഡിനായി സമര്‍പ്പിച്ച നിശ്ചല ദൃശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച് . പരിശോധനയുടെ മൂന്നാം റൗണ്ടില്‍ കേരളത്തെ പുറത്താക്കുകയായിരുന്നു. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 16 സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാനായി 22 നിര്‍ദേശങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വന്നത്. ഇവയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തപ്പോഴാണ് ബംഗാളിനും മഹാരാഷ്ട്രയ്ക്കും കേരളത്തിനും സ്ഥാനം നഷ്ടമായത്.

Exit mobile version