മതനേതാക്കള്‍ ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി ചെന്ന് ജാതി വ്യവസ്ഥ ഇല്ലാതാക്കണം; ഭാവിയിലെ ഇന്ത്യ ജാതിരഹിത സമൂഹമാകണം; വെങ്കയ്യ നായിഡു

ശിവഗിരി: മതനേതാക്കള്‍ ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി ചെന്ന് ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭാവിയിലെ ഇന്ത്യ ജാതിരഹിത സമൂഹമാകണമെന്നും അതിനായി ജാതി വിവേചനം പൂര്‍ണമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 87-ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഠാധിപതികളും ബിഷപുമാരും മൗലവിമാരും ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി ചെന്ന് ജാതി വ്യവസ്ഥ ഇല്ലാതാക്കാണം. ജാതി രഹിത സമൂഹം നിയമ നിര്‍മാണം കൊണ്ടുമാത്രം സാധ്യമാകില്ല. രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണ നൈപുണ്യവും വേണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ഗുരുദേവന്‍ ഹിന്ദുവായി ജനിച്ചെങ്കിലും ഒരു പ്രത്യേക മതത്തോട് ആഭിമുഖ്യമില്ലായിരുന്നു. ഒരു മതത്തോടും പക്ഷപാതം കാണിക്കാതെ എല്ലാ മതങ്ങളെയും ഒരേപോലെ കണ്ടു. മനുഷ്യനെ വിഭജിക്കുന്ന പ്രവണതകളെയും ജാതിയെയും തള്ളിക്കളഞ്ഞു. ഗുരുവിന്റെ ചിന്തകള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡിന്റ് സ്വാമി വിശുദ്ധനാന്ദ എന്നിവര്‍ സംസാരിച്ചു.

Exit mobile version