നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്; സംസ്ഥാനത്തെ സ്പീഡ് റെയില്‍വേ പദ്ധതിയുടെ ലിഡാര്‍ സര്‍വേ ഇന്ന് ആരംഭിക്കും

കാലാവസ്ഥ അനൂകൂലമായാല്‍ ആറു ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കേരള റെയില്‍വേ ഡവലപ്മെന്റ് കോര്‍പറേഷന്‍ വ്യക്തമാക്കിയത്

കാസര്‍കോട്: കേരളത്തില്‍ നടപ്പിലാക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വേ ഇന്നു കാസര്‍കോട് ആരംഭിക്കും. നാലുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പാര്‍ടനാവിയ പി68 എന്ന ചെറു വിമാനം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ വിവരശേഖരണം സാറ്റലൈറ്റ് വഴിയുള്ള സര്‍വേ വഴി സാധിക്കില്ല. അതുകൊണ്ടാണ് മരങ്ങളും മറ്റു തടസ്സങ്ങളുമെല്ലാം മറികടന്നു കൃത്യമായി അലൈന്‍മെന്റ് തയ്യാറാക്കാന്‍ ലേസര്‍ ഉപയോഗിച്ചു നടത്തുന്ന ലിഡാര്‍ സര്‍വേ ഉപയോഗിക്കുന്നത്.

വിമാനം ജനുവരി 6വരെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനും ഇന്ധനം നിറയ്ക്കാനുമുള്ള അനുമതി തേടിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനമാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. കാലാവസ്ഥ അനൂകൂലമായാല്‍ ആറു ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കേരള റെയില്‍വേ ഡവലപ്മെന്റ് കോര്‍പറേഷന്‍ വ്യക്തമാക്കിയത്.

ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ കാസര്‍കോട് നിന്ന് വെറും നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കും. രണ്ടാഴ്ച മുമ്പ് കേന്ദ്ര മന്ത്രാലയം ഈ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്.

200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. 56,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് റെയില്‍പാത നിര്‍മ്മിക്കുന്നത്. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയില്‍ പത്തു സ്റ്റേഷനുകളാണ് ഉണ്ടാവുക. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍.

Exit mobile version