ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ഗവര്‍ണര്‍ രാഷ്ട്രീയക്കാരുടെ ഭാഷയില്‍ സംസാരിക്കുന്നത്; ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കമല്‍

തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഇത്രയും വലിയ ഒരു പദവി വഹിക്കുന്ന ഗവര്‍ണറെ പോലുള്ള ഒരാള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ഗവര്‍ണര്‍ രാഷ്ട്രീയകാര്യങ്ങളില്‍ അതും രാഷ്ട്രീയക്കാര്‍ സംസാരിക്കുന്ന ഭാഷയില്‍ ഇങ്ങനെ പരസ്യമായി സംസാരിക്കുന്നതെന്നും കമല്‍ ചൂണ്ടിക്കാട്ടി.

ഈ സംഭവം തീര്‍ച്ചയായും അപലപനീയമായാണ് തോന്നുന്നതെന്നും ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ രാഷ്ട്രീയം പറയുന്നത് നിര്‍ഭാഗ്യകരമാണെന്നും കമല്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വേദിയിലും സദസ്സിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഗവര്‍ണറെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തി.

Exit mobile version