യോഗം ജനാധിപത്യ വിരുദ്ധം; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി

തിരുവനന്തപുരം: പൗരത്വ നിയമ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു. പാര്‍ലമെന്റ് അംഗീകരിച്ച ഭരണഘടന ഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാരിന് യോഗം ചേരാന്‍ അധികാരമില്ലെന്നും, യോഗം ജനാധിപത്യ വിരുദ്ധമാണെന്നും വ്യക്തമാക്കിയാണ് ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് എതിരെ യോഗം ചേര്‍ന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടിയെ പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്. പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് സമരം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും യോഗം ബഹിഷ്‌കരിച്ചതിന് ശേഷം ബിജെപി നേതാവ് എംഎസ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള ഗവര്‍ണര്‍ക്കെതിരെയും കര്‍ണാടക മുഖ്യമന്ത്രിക്കെതിരെയും കേരളത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ യോഗത്തില്‍ പ്രമേയം പാസാക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇത് അംഗീകരിച്ചില്ലെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിച്ചതെന്നും ബിജെപി നേതാക്കളായ എംഎസ് കുമാറും ജെ പദ്മകുമാറും മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഞായറാഴ്ച സര്‍വകക്ഷി യോഗം വിളിച്ചത്.

Exit mobile version