ഭരണഘടന സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി ഒരു കുടക്കീഴില്‍ അണിനിരന്ന് കൊണ്ടുള്ള പ്രക്ഷോഭമാണ് ആവശ്യം;സര്‍വകക്ഷിയോഗത്തിന് മുമ്പ് മന്ത്രി എകെ ബാലന്‍

കക്ഷി ഭേദമില്ലാതെ ഭരണഘടനാ ലംഘനത്തിനെതിരെ അണിനിരക്കണമെന്നും, ഏതെങ്കിലും ഒരു സംസ്ഥാനമോ പ്രത്യേക രാഷ്ട്രീയ കക്ഷിയോ മാത്രം നേരിടുന്ന വെല്ലുവിളിയല്ല ഇപ്പോള്‍ രാജ്യത്തുള്ളതെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേതൃത്വം നല്‍കിയ സംയുക്ത പ്രതിഷേധത്തിന്റെ തുടര്‍ച്ചായായാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്ന് നിയമമന്ത്രി എകെ ബാലന്‍.

കക്ഷി ഭേദമില്ലാതെ ഭരണഘടനാ ലംഘനത്തിനെതിരെ അണിനിരക്കണമെന്നും, ഏതെങ്കിലും ഒരു സംസ്ഥാനമോ പ്രത്യേക രാഷ്ട്രീയ കക്ഷിയോ മാത്രം നേരിടുന്ന വെല്ലുവിളിയല്ല ഇപ്പോള്‍ രാജ്യത്തുള്ളതെന്നും മന്ത്രി പറഞ്ഞു. നമ്മള്‍ ഒറ്റക്കെട്ടായി ഒരു കുടക്കീഴില്‍ അണിനിരന്ന് കൊണ്ടുള്ള പ്രക്ഷോഭമാണ് ആവശ്യമെന്നും സര്‍വകക്ഷിയോഗത്തിന് മുമ്പ് എകെ ബാലന്‍ പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടം എന്ന നിലയില്‍ ബിജെപിക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായം സ്വാഭാവികമാണെന്നും എകെ ബാലന്‍ പറഞ്ഞു. പതിനാറിന് തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരം നടന്നത്. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളും മതമാമുദായിക നേതൃത്വങ്ങളെയും എല്ലാം ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. സംയുക്ത സമരം നടത്തിയതിനെതിരെ കോണ്‍ഗ്രസിനകത്ത് എതിരഭിപ്രായങ്ങള്‍ ശക്തമാണ്. യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് എന്‍എസ്എസും വ്യക്തമാക്കി.

Exit mobile version