സംഗീതനിശയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു; കവി റഫീക്ക് അഹമ്മദ് അടക്കം 20 ഓളം പേര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍: ദേശീയ പൗരത്വ നിയമത്തിനെതിരെ അനുമതിയില്ലാതെ പ്രതിഷേധിച്ച കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിനെതിരെ കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സുധീപ് പെരിന്തല്‍മണ്ണ, ആകാശ്, കവിത ബാലകൃഷ്ണന്‍, ശ്രുതി, ശരണ്യ, ഗിറ്റാറിസ്റ്റ് പോള്‍സണ്‍, ആകാശ് എന്നിവരടക്കം 20 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സംഗീതനിശ നടത്താനെന്ന പേരില്‍ അനുമതി തേടിയ ശേഷമാണ് റഫീഖ് അഹമ്മദ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതെന്നാണ് ആരോപണം. തൃശൂരിലെ അയ്യന്തോള്‍ അമര്‍ ജവാന്‍ ജ്യോതി പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് ഏഴു മണിക്കായിരുന്നു സംഭവം.

വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഗീത നിശയാണ് പാര്‍ക്കില്‍ സംഘടിപ്പിച്ചിരുന്നത്. ഇതിനുള്ള അനുമതിയായിരുന്നു കോര്‍പ്പറേഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചു ഇവിടെ പൗരത്വ നിയമത്തിനെതിരായ പാട്ടു സമരം നടത്തിയെന്നും, മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നും കാട്ടിയാണ് പോലീസ് കേസ് എടുത്തത്. സ്ത്രീകളടക്കം 70 ഓളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം,
പാര്‍ക്കില്‍ പ്രതിഷേധം നടത്താന്‍ സംഘാടകര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് വെസ്റ്റ് പോലീസ് പറഞ്ഞു.
അതേസമയം, കേസ് എടുത്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും റഫീഖ് പറഞ്ഞു. ദിവസവും ഒരുപാടു പരിപാടികളില്‍ പങ്കെടുക്കുന്ന ആളാണ് താന്‍ അതിനാല്‍ ഓരോ പരിപാടിയിലും മൈക്ക് അനുവാദം ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആവില്ല. പ്രതിഷേധ പരിപാടിയാണെന്നു പറഞ്ഞാണു തന്നെ വിളിച്ചതെന്നും, താന്‍ അതിഥിയായിരുന്നെന്നും പ്രതിഷേധം സമാധാനപരമായിരുന്നെന്നും റഫീഖ് അഹമ്മദ് വ്യക്തമാക്കി

Exit mobile version