ഹിജാബും വെള്ള തൊപ്പിയും ധരിച്ച് മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ കരോള്‍ ഗാനം: കരോള്‍ സംഘത്തിന്റെ വേറിട്ട പ്രതിഷേധം

പത്തനംതിട്ട: പൗരത്വ നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി കരോള്‍ സംഘം.
വസ്ത്രധാരണം കൊണ്ട് പ്രതിഷേധക്കാരെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദ പരാമര്‍ശത്തിന് പ്രതിഷേധത്തിന്റെ ഭാഷയില്‍ മറുപടിയുമായെത്തിയിരിക്കുകയാണ് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ പള്ളിയിലെ കരോള്‍ സംഘം.

പെണ്‍കുട്ടികള്‍ ഹിജാബും ആണ്‍കുട്ടികള്‍ വെള്ള തൊപ്പിയും ധരിച്ചാണ് കരോള്‍ ഗാനം പാടി പ്രതിഷേധിച്ചത്.’ഈ ദുനിയാവില്‍ മനുഷ്യനായി പിറന്ന ഉന്നതനാം ഈശോ പരമേശ’ എന്ന് തുടങ്ങുന്ന ക്രിസ്തുമസ് ഗാനമാണ് ആലപിച്ചത്. മാപ്പിളപ്പാട്ടിന്റെ ഈണത്തിലായിരുന്നു ഗാനം. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അഭയാര്‍ഥികളുടെ ക്രിസ്തുമസ് ആഘോഷം എന്ന പേരിലാണ് വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രധാരണം കൊണ്ട് തന്നെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരായ പ്രതീകാത്മക പ്രതിഷേധം കൂടിയാണിതെന്നും ഫാ. ഡാനിയേല്‍ പറഞ്ഞു.

Exit mobile version