ഭക്തി സാന്ദ്രമായ മണ്ഡലകാലത്തിന് സമാപനം: ഹരിവരാസനം ചൊല്ലി ശബരിമല നട അടച്ചു

ശബരിമല: ഭക്തി സാന്ദ്രമായ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാലത്തിന് സമാപനം
ഹരിവരാസനം ചൊല്ലി അയ്യപ്പനെ യോഗ നിദ്രയിലാക്കി യോഗ ദണ്ഡും ജപമാലയും അണിയിച്ച് ശബരിമല നട അടച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മണ്ഡല പൂജകള്‍ക്ക് സമാപനമായത്. വൈകിട്ട് ദീപാരാധന നടന്നു.

പൂജകള്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കിഴക്കേമണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ 25 കലശം പൂജയും കളഭവും നടന്നു. തുടര്‍ന്ന് 11.35 ഓടെ മണ്ഡലപൂജക്കായി നട അടച്ചു. തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തി നടതുറന്ന് ദീപാരാധന നടത്തി. രാത്രി 10ന് അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി ജപമാലയും യോഗദണ്ഡും ധരിപ്പിച്ച് ഹരിവരാസനം ചൊല്ലി നട അടച്ചതോടെയാണ് മണ്ഡലകാല പൂജകള്‍ക്ക് പരിസമാപ്തി കുറിച്ചത്.

ഇനി രണ്ടുദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിന് 30ന് വൈകീട്ട് അഞ്ചിന് തിരുനട വീണ്ടും തുറക്കും. ജനുവരി 15നാണ് മകരവിളക്ക് ഉത്സവം.

33 ലക്ഷത്തോളം തീര്‍ഥാടകരാണ് ശബരിമലയില്‍ ഈ മണ്ഡല കാലത്ത് ദര്‍ശനം നടത്തിയത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് കുറവായിരുന്നു.

സമാധാനപരമായ ഒരു മണ്ഡലകാലത്തിനാണ് സമാപനമാകുന്നത്. വരുമാനത്തിലും തീര്‍ത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ സര്‍വ്വകാല റെക്കോര്‍ഡ് ഉണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

Exit mobile version