ശബരിമലയിലെ ഭക്ഷ്യശാലകളില്‍ പരിശോധന; ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം

പമ്പ: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലക്കലിലും പമ്പയിലുമായി ആരംഭിച്ച ഭക്ഷ്യശാലകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കി. കുടിവെള്ളം ഭക്ഷണം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച സംഘം വരും ദിവസങ്ങളിലും പരിശോധന തുടരും.

ഭക്ഷ്യ വിഷബാധ തടയുക, ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൃത്രിമത്വം ഒഴിവാക്കുക, അമിത വില നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്.

ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ അടക്കം പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ലഘുലേഖയും നിര്‍ദ്ദേശങ്ങളും നല്‍കിയാണ് സംഘം മടങ്ങുന്നത്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഏപ്രണും ഹെഡ് ക്യാപ്പും പാചകം ചെയ്യുന്നവരും, ഭക്ഷണം വിതരണം ചെയ്യുന്നവരും ധരിച്ചിരിക്കണം എന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.

കുടിവെള്ളമുള്‍പ്പെടെ പരിശോധനക്കായി പരിശോധന സംഘം ശേഖരിക്കുന്നുമുണ്ട്. രാത്രി കാല നിയന്ത്രണവും നീക്കിയതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി വരും ദിവസങ്ങളിലും കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന തുടരാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.

Exit mobile version