കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്നത് ബിജെപി നയമല്ല; ചലച്ചിത്രതാരങ്ങളെ വിമര്‍ശിച്ച സന്ദീപ് വാര്യരെ തള്ളി എംടി രമേശ്

നടി റിമ കല്ലിങ്കലിനെ വിമര്‍ശിച്ച യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യരെ തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത് വ്യക്തപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും എംടി രമേശ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്നത് ബിജെപി നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സിനിമാക്കാര്‍ക്ക് എതിരായ സന്ദീപ് വാര്യരാരുടെ അഭിപ്രായം വ്യക്തിപരമാണ്. ഫേസ്ബുക്കില്‍ കുറിക്കുന്നത് വ്യക്തിപരമായ നിലപാടാണ്, പാര്‍ട്ടി നിലപാടല്ല. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്നതു ബിജെപി നയം അല്ല.”- എംടി രമേശ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷനെ ജനുവരി രണ്ടാം വാരത്തോടെ തീരുമാനിക്കുമെന്നും രമേശ് പറഞ്ഞു.

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന റാലിയില്‍ നിരവധി ചലച്ചിത്രതാരങ്ങള്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ക്ക് വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം നടത്തിയ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു.

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് കുറിച്ചത്. അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല എന്നും സന്ദീപ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഇതിനെതിരെ റിമയും ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. ‘ചാണകത്തില്‍ ചവിട്ടില്ലെ’ന്ന് ആഷിഖ് കുറിച്ചപ്പോള്‍ ‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം’ എന്ന് റിമയും കുറിച്ചു. ഒപ്പം പവി ശങ്കര്‍ എന്ന കലാകാരന്‍ വരച്ച നടി ഫിലോമിനയുടെ ”ആരട നാറി നീ” എന്ന ഐക്കോണിക് ഡയലോഗോടു കൂടിയ ചിത്രവും റിമ പങ്കുവെച്ചിരുന്നു. ഇതാണ് സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ റിമക്കെതിരെ വ്യക്തിപരമായ ആക്രമണവുമായി സന്ദീപ് രംഗത്തെത്തുകയായിരുന്നു.

Exit mobile version