കുട്ടികളെ പ്രതിഷേധ റാലിയില്‍ പങ്കെടുപ്പിച്ചു; ആഷിക്ക് അബുവിനും കമലിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

തിരുവനന്തപുരം: സംവിധായകരായ ആഷിക്ക് അബുവിനും കമലിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. തിങ്കളാഴ്ച കൊച്ചിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബി.ജി വിഷ്ണുവാണ് ഇവര്‍ക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളെ ഇവര്‍ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതിയില്‍ ഉള്ളത്.

തിങ്കളാഴ്ച കൊച്ചിയില്‍ കലാ-സംസ്‌കാരിക രംഗത്തുള്ളവരുടെ നേതൃത്വത്തില്‍ ‘ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്’ എന്ന പേരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സംവിധായകരായ ആഷിക്ക് അബു, രാജീവ് രവി, കമല്‍ സിനിമാ താരങ്ങളായ റിമാ കല്ലിങ്കല്‍, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, ഷെയ്ന്‍ നിഗം, രഞ്ജിനി ഹരിദാസ്, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തിരുന്നു. വൈകീട്ട് മൂന്ന് മണിക്ക് രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്‌ക്വയറില്‍നിന്ന് ആരംഭിച്ച പ്രകടനം വൈകീട്ട് ഏഴിന് ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിച്ചത്.

ഈ പ്രതിഷേധ റാലിയ്ക്ക് പിന്നാലെ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ രംഗത്ത് എത്തിയിരുന്നു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം ഇന്‍കം ടാക്‌സും ഇഡിയും വീട്ടില്‍ കയറി ഇറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാല്‍ ധര്‍ണ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യര്‍ താരങ്ങള്‍ക്കെതിരെ ഭീക്ഷണി മുഴക്കിയത്.

Exit mobile version