പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നുണ്ട്; പ്രധാനമന്ത്രിയെ തള്ളി പി ശ്രീരാമകൃഷ്ണന്‍

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക് പറയാന്‍ പറ്റില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തള്ളി കേരളാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ അത് നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും സ്പീക്കര്‍ കൊച്ചിയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക് പറയാന്‍ പറ്റില്ലെന്നും അത് സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംശയമുണ്ടെങ്കില് സംസ്ഥാനങ്ങളിലെ നിയമവിദഗ്ധരോട് ചോദിക്കാനും മോഡി പറഞ്ഞിരുന്നു.

രാംലീല മൈതാനിയില്‍ ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചുള്ള ബിജെപി റാലിയില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ പ്രസ്താവന. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മോഡിയുടെ പ്രസ്താവന.

Exit mobile version