‘ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ മംഗലാപുരത്തു തടഞ്ഞുവെച്ചിരിക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധം’ ; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലന്‍.

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ മംഗലാപുരത്തു തടഞ്ഞുവെച്ചിരിക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും, ഇതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും ജനങ്ങളിലെത്തിക്കുന്നതിനുമുള്ള അവകാശം ഹനിച്ചും മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞുകൊണ്ടുമാണ് ഈ ഫാസിസ്റ്റു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ മംഗലാപുരത്തു തടഞ്ഞുവെച്ചിരിക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഇതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും ജനങ്ങളിലെത്തിക്കുന്നതിനുമുള്ള അവകാശം ഹനിച്ചും മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞുകൊണ്ടുമാണ് ഈ ഫാസിസ്റ്റു നടപടി സ്വീകരിച്ചിരിക്കുന്നത്. മംഗലാപുരത്തു പ്രകടനം നടത്തിയ രണ്ടു പേരെ വെടിവെച്ചു കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്ന് പോയതാണ് മാധ്യമ പ്രവര്‍ത്തകര്‍. മണിക്കൂറുകളായി ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ ചങ്ങലക്കിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. വിമര്‍ശിക്കുന്നവരുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയെന്നത് ഒരു രീതിയായി വളര്‍ത്തിയെടുക്കുകയാണ് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തെ ഇത്തരം കാടന്‍ നടപടികള്‍ കൊണ്ട് നേരിടാന്‍ കഴിയില്ല. ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും അകത്തുനിന്ന് പ്രവര്‍ത്തിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എത്രയും വേഗം മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണം.

Exit mobile version