ഫീസടച്ചില്ല; വിദ്യാര്‍ത്ഥിയെ പരീക്ഷ ദിവസം ബസില്‍ കയറ്റിയില്ല സ്‌കൂള്‍ അധികൃതര്‍

സംഭവത്തില്‍ കുട്ടിയുടെ പിതാവ് ബാലവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി

തിരുവനന്തപുരം; ഫീസടച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ബസില്‍ കയറ്റിയില്ല അധികൃതര്‍. പരീക്ഷാ ദിനത്തിലായിരുന്നു ആറാം ക്ലാസുകാരനോട് അധികൃതരുടെ ക്രൂരത. കുട്ടിയുടെ പിതാവ് നാട്ടിലില്ലാത്തതിനാല്‍ ഫീസടക്കാന്‍ സാവകാശം ചോദിച്ചിട്ടും നല്‍കിയില്ല. ഇതിന് പിന്നാലെയാണ് നടപടി.

തിരുവനന്തപുരം കുന്നത്തുകാല്‍ ശ്രിചിത്തിര തിരുനാള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഫീസ് അടക്കാത്തതിനാല്‍ ബസില്‍ കയറ്റാതിരുന്നത്. കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റാതെ പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ അമ്മ സ്‌കൂള്‍ ബസിലുണ്ടായിരുന്ന ജീവനക്കാരിയോട് ഫീസടക്കാന്‍ സാവകാശം ചോദിച്ച് വിവരങ്ങള്‍ പറയുന്നുണ്ടെങ്കിലും മാനേജര്‍ ബസില്‍ കയറ്റണ്ടെന്ന നിര്‍ദേശം നല്‍കിയതായി ബസിലെ ജീവനക്കാരി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ 4 ാം ക്ലാസുമുതല്‍ ഇതേ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ഇതുവരെയും ഫീസ് മുടക്കിയിട്ടില്ലെന്നും, നാട്ടില്‍ ഇല്ലാത്തതിനാലാണ് ഏതാനും ദിവസങ്ങള്‍ ഫീസ് അടക്കാന്‍ വൈകിയതെന്നുമാണ് പിതാവ് പറയുന്നത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ബാലവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ ടേം ഫീസ് അടക്കാത്തതിനാലാണ് വിദ്യാര്‍ത്ഥിയെ ബസില്‍ കയറ്റാതിരുന്നതെന്നാമ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

Exit mobile version