ക്രിസ്മസ്-ന്യൂ ഇയര്‍ വിപണിയിലെ മായത്തിനെ പൂട്ടാന്‍ ആരോഗ്യവകുപ്പ്; ‘ഓപ്പറേഷന്‍ രുചി’ 218 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂ ഇയര്‍ വിപണിയിലെത്തുന്ന കേക്കിലെയും ബേക്കറിയിലെയും മായം കണ്ടെത്താന്‍ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്. കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് വകുപ്പ്.

‘ഓപ്പറേഷന്‍ രുചി’ എന്ന് പേരിട്ട പരിശോധനയുടെ ആദ്യദിവസം തന്നെ വിവിധ ജില്ലകളിലായി 218 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്തു. ആദ്യദിവസം പരിശോധന നടത്തിയ 333 സ്ഥാപനങ്ങളില്‍ 218ലും ഗുണനിലവാര പ്രശ്‌നങ്ങള്‍ കണ്ടെത്തി എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം – 29, കൊല്ലം – 25, പത്തനംതിട്ട -17, ആലപ്പുഴ – 21, കോട്ടയം – 22, ഇടുക്കി – 22, എറണാകുളം – 29, തൃശൂര്‍ – 28, പാലക്കാട് – 18, മലപ്പുറം – 32, കോഴിക്കോട് -31, കണ്ണൂര്‍ – 31, വയനാട് – 15, കാസര്‍ഗോഡ് – 13. എന്നിങ്ങനെയാണ് ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി പരിശോധന നടത്തിയ സ്ഥാപനങ്ങള്‍.

ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി എല്ലാ ജില്ലകളിലെയും ബേക്കറികള്‍, കേക്ക്, വൈന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍, ബോര്‍മാസ്, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചുളള ചെറുകിട ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്പെഷല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി വരുന്നു.

ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരായ 18004251125 എന്ന നമ്പരില്‍ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version