‘ശരിക്കും അര്‍ഹിച്ചിരുന്നത് തന്നെ’; കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശശി തരൂരിനെ അഭിനന്ദിച്ച് താരരാജാക്കന്മാര്‍

തൃശ്ശൂര്‍: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശശി തരൂര്‍ എംപിയെ അഭിനന്ദിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. ‘ആന്‍ ഇറ ഓഫ് ഡാര്‍ക്നസ് എന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഡോ. ശശി തരൂരിന് ഹൃദയംഗമമായ ആശംസകള്‍. ശരിക്കും അര്‍ഹിച്ചിരുന്നത് തന്നെ’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. അതേസമയം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച മധുസൂദനന്‍ നായരെയും മോഹന്‍ലാല്‍ അഭിനന്ദിച്ചുണ്ട്.

‘സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശശി തരൂരിന് ആശംസകള്‍’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഇംഗ്ലീഷ് വിഭാഗത്തില്‍ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നസ്’ എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തിനാണ് ശശി തരൂര്‍ എംപിക്ക് പുരസ്‌കാരം ലഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകള്‍ തുറന്നുകാട്ടുന്ന പുസ്തകമാണിത്. രാജ്യത്തെ വീണ്ടും ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകരുതെന്നാണ് തന്റെ അപേക്ഷയെന്നാണ് അവാര്‍ഡ് പ്രഖ്യാപന വാര്‍ത്തയ്ക്ക് ശേഷം ശശി തരൂര്‍ എംപി പ്രതികരിച്ചത്.

‘അച്ഛന്‍ പിറന്ന വീട്’ എന്ന കാവ്യത്തിനാണ് മധുസൂദനന്‍ നായര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഡോ. ചന്ദ്രമതി, എന്‍എസ് മാധവന്‍, പ്രൊഫ. എം തോമസ് മാത്യു എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരം നിശ്ചയിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ഫെബ്രുവരി 25ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Exit mobile version