തടിമില്ലിലെ അറക്കവാളില്‍പ്പെട്ട് കൈ അറ്റുതൂങ്ങി; ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കിയത് പോലീസ്, ബാബുവിന് നന്ദി പറയാനുള്ളതും കേരളാ പോലീസിനോട്

ബാബുവുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞ 108 ആംബുലന്‍സാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.

ആലപ്പുഴ: തടിമില്ലിലെ അറക്കവാളില്‍പ്പെട്ട് കൈ അറ്റുതൂങ്ങിയ ബാബുവിന് നന്ദി പറയണം, അത് കേരളാ പോലീസിനോടാണ്. ഗതാഗതക്കുരുക്കില്‍പ്പെട്ട് വലഞ്ഞ ആംബുലന്‍സിന് വഴിയൊരുക്കിയത് പോലീസ് ആയിരുന്നു. സമയോചിതമായി ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതിനാലാണ് കൈ വീണ്ടും തുന്നിച്ചേര്‍ക്കാന്‍ സാധിച്ചത്. ബാബുവിന് ഇടതുകൈയ്ക്ക് സ്വാധീനക്കുറവുള്ളതാണ്. വലതുകൈയും നഷ്ടപ്പെടുമോ എന്ന ഭയവും ബാബുവിന് ഉണ്ടായിരുന്നു.

ഈ ഭയത്തിനാണ് ഇപ്പോള്‍ പര്യവസാനമായത്. ബാബുവുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞ 108 ആംബുലന്‍സാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ശേഷം പോലീസ് വഴിയൊരുക്കുകയായിരുന്നു. ഒന്നരമണിക്കൂര്‍ വേണ്ടിടത്ത് 42 മിനിറ്റുകൊണ്ട് എത്തിക്കാനായതിനാലാണ് ശസ്ത്രക്രിയയിലൂടെ അറ്റകൈ തുന്നിച്ചേര്‍ക്കാനായത്. ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ പോലീസാണ് ബാബുവിന് രക്ഷകരായത്.

ആലപ്പുഴ കൊമ്മാടി വാര്‍ഡ് കേളംപറമ്പില്‍ ബാബു(60)വിന്റെ ആണ് കൈതവനയിലെ മില്ലില്‍ തടി അറുക്കുന്നതിനിടെ കൈ അറ്റത്. താഴെക്കിടന്ന തടിയില്‍ കാല്‍ തട്ടിയപ്പോള്‍ അറുക്കവാളിലേക്കാണ് വീണത്. അതോടെ വലതുകൈ അറ്റുതൂങ്ങി. അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി അവിടെനിന്ന് കോട്ടയത്തേക്ക് റഫര്‍ ചെയ്തു. ആ സമയം വിവരമറിഞ്ഞ് മില്ലുടമയായ ജേക്കബ് ജോണുമെത്തി.

108 ആംബുലന്‍സ് പുറപ്പെടും മുമ്പ് ആലപ്പുഴ ഡിവൈഎസ്പിയെ വിളിച്ച് കാര്യം പറഞ്ഞു. പോലീസ് ഉടന്‍ ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു. ആലപ്പുഴ പോലീസ് കിടങ്ങറവരെ വഴിയൊരുക്കി. അവിടെനിന്ന് ചങ്ങനാശ്ശേരി പോലീസും പിന്നീട് കോട്ടയം പോലീസും ബാബുവിന്റെ വണ്ടിക്കു മുന്നില്‍ പായുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് അറ്റുപോയ കൈ തുന്നിച്ചേര്‍ത്തത്. തനിക്ക് തുണയായ പോലീസിനോട് ബാബുവിന് ഒരായിരം നന്ദി പറയാനുണ്ട്.

Exit mobile version