തൃശ്ശൂരില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് കളക്ടറുടെ നിര്‍ദേശം

പ്രളയകാലത്തുണ്ടായ കൃഷിനാശത്തിന് ധനസഹായം കിട്ടിയില്ലെന്ന പരാതിയില്‍ കളക്ടര്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി.

തൃശ്ശൂര്‍: തൃശ്ശൂരില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം. കളക്ടറാണ് കര്‍ഷകനായ ഔസേപ്പിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, പ്രളയകാലത്തുണ്ടായ കൃഷിനാശത്തിന് ധനസഹായം കിട്ടിയില്ലെന്ന പരാതിയില്‍ കളക്ടര്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി.

ബാങ്ക് ഓഫ് ഇന്ത്യയോടും, ഗ്രാമീണ ബാങ്കിനോടുമാണ് വായ്പ എഴുതി തള്ളാന്‍ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ മരോട്ടിച്ചാലിലെ വാഴകര്‍ഷകനായ ഔസേപ്പ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 75,000 ഉം ഗ്രാമീണ ബാങ്കില്‍ നിന്ന് 50,000 രൂപയുമാണ് വായ്പ എടുത്തിരുന്നത്.

കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങുകയും ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് വരികയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ഔസേപ്പ് ആത്മഹത്യ ചെയ്തതെന്നാണ് മക്കളുടെ പരാതി. ചെറിയ തുകയ്ക്ക് പോലും ജപ്തി നോട്ടീസ് അയക്കുന്ന ബാങ്കുകളുടെ നടപടി ധിക്കാരമാണെന്ന് കഴിഞ്ഞ ദിവസം കൃഷി മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കളക്ടര്‍ ഔസേപ്പിന്റെ വീട്ടിലെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

Exit mobile version