ഹൈക്കോടതി ഉത്തരവ്; രണ്ട് ദിവസത്തിനകം വീടൊഴിയും, പക്ഷേ വീടിന് പുറത്ത് ഷെഡ്ഡു കെട്ടി സമരം തുടരും! പ്രീത ഷാജി

ഉത്തരവ് അനുസരിക്കുമെങ്കിലും മറ്റൊരു വീട്ടിലേക്ക് താമസം മാറില്ല.

കൊച്ചി: ഹൈക്കോടതി ഉത്തരവിനെ മാനിച്ച് രണ്ട് ദിവസത്തിനകം വീടൊഴിയുമെന്ന് വീട്ടമ്മ പ്രീത ഷാജി. പക്ഷേ വീടൊഴിയുമെങ്കിലും കുടുബവുമായി വീടിനു പുറത്ത് ഷെഡ്ഡു കെട്ടി സമരം തുടരുമെന്നും പ്രീത വ്യക്തമാക്കി. 48 മണിക്കൂറിനുള്ളില്‍ ഇടപ്പള്ളിയിലെ വീടൊഴിഞ്ഞ് താക്കോല്‍ തൃക്കാക്കര വില്ലേജ് ഓഫീസര്‍ക്ക് കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഉത്തരവ് അനുസരിക്കുമെങ്കിലും മറ്റൊരു വീട്ടിലേക്ക് താമസം മാറില്ല. പകരം വീട്ടിലേക്ക് കയറുന്ന വഴിയില്‍ ഷെഡ്ഡു കെട്ടി താമസിക്കും. പ്രീത ഷാജിയുടെ സ്ഥലം ലേലത്തില്‍ പിടിച്ചയാള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി വീടൊഴിയാന്‍ ഉത്തരവിട്ടത്. അതേസമയം കിടപ്പാടം ജപ്തി ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രീത ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഈ കേസ് മൂന്നിന് പരിഗണിക്കും. അപ്പോള്‍ വീടൊഴിയണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നത് ദോഷകരമായി ബാധിക്കും എന്ന് ഇവര്‍ക്ക് നിയമോപദേശം കിട്ടിയിട്ടുണ്ട്. ഇതാണ് താക്കോല്‍ കൈമാറാനുള്ള തീരുമാനത്തിലെത്താന്‍ കാരണം. പ്രീത ഷാജിയുടെ സ്ഥലം ജപ്തി ചെയ്ത് ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് ലേലം ചെയ്തത്. സ്ഥലം ജപ്തി ചെയ്താല്‍ മൂന്നു വര്‍ഷത്തിനകം ലേലം ചെയ്യണമെന്ന് മറ്റൊരു കേസില്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രീതയുടെ സമരത്തിന് പിന്തുണയുമായ സര്‍ഫാസി വിരുദ്ധ ജനീകയ പ്രസ്ഥനവും ഇവര്‍ക്കൊപ്പമുണ്ട്.

Exit mobile version