കൊലക്കയര്‍ കെട്ടാനറിയാം, നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തനിക്ക് അവസരം നല്‍കണം; ആഗ്രഹം അറിയിച്ച് മലയാളി ടെക്കി

നിര്‍ഭയ കേസിലെ കോടതി വിധി നടപ്പിലാക്കാന്‍ തന്നെ അനുവദിക്കണമെന്ന ആഗ്രഹവുമായി 42കാരനായ റെയ്മണ്ട് റോബ്ലിന്‍ ഡോണ്‍സ്റ്റണ്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്

തിരുവനന്തപുരം: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തെത്തുന്നു. തനിക്ക് കൊലക്കയര്‍ കെട്ടാന്‍ ട്രെയിനിങ് കിട്ടിയിട്ടുണ്ടെന്നും നിര്‍ഭയ കേസിലെ കോടതി വിധി നടപ്പിലാക്കാന്‍ തന്നെ അനുവദിക്കണമെന്ന ആഗ്രഹവുമായി 42കാരനായ റെയ്മണ്ട് റോബ്ലിന്‍ ഡോണ്‍സ്റ്റണ്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലം സ്വദേശിയാണ് ഡോണ്‍സ്റ്റണ്‍. നിര്ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധത അറിയിച്ചെത്തിയ ടെക്കി ഡോണ്‍സ്റ്റണ്‍ രാഷ്ട്രപതിക്കും തിഹാര്‍ ജയിലിലെ ഡയറക്ടര്‍ ജനറലിനും തന്റെ ആവശ്യമറിയിച്ച് മെയില്‍ അയച്ചുകഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി പ്രധാനമന്ത്രി അരവിന്ദ് കേജ്രിവാള്‍, നിയമമന്ത്രി കൈലാഷ് ഗെഹ്ലോട്ട്, പ്രിസണ്‍ ഡിഐജി തുടങ്ങിയവര്‍ക്കും ഡോണ്‍സ്റ്റണ്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മെയില്‍ അയച്ചിട്ടുണ്ട്.

‘ കോളേജില്‍ പഠിക്കുമ്പോള്‍ നേവല്‍ എന്‍സിസി കേഡറ്റ് ആയിരുന്നു ഞാന്‍. പലതരം കുരുക്കിടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള എനിക്ക് കൊലക്കയര്‍ കെട്ടാനും ട്രെയിനിങ് കിട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ ലോങ്-ഡ്രോപ്പ് രീതിയാണ് ഉപയോഗിക്കുന്നത്. അതിന്റെ എല്ലാ ചെറിയ വിശദാംശങ്ങളും ഞാന്‍ പഠിച്ചുകഴിഞ്ഞു’, അദ്ദേഹം പറയുന്നു. ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ താന്‍ സ്വയം അതിനായി ഒരുങ്ങികഴിഞ്ഞെന്നും തന്റേത് ഒരു പ്രതിഷേധം മാത്രമല്ലെന്നും ഡോണ്‍സ്റ്റണ്‍ വ്യക്തമാക്കി.

Exit mobile version