ഭൂരിപക്ഷമുണ്ടെന്നു കരുതി ഏതു നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ മന്ത്രി എകെ ബാലന്‍

രാജ്യം വലിയ ആശങ്കയിലാണ്.

തിരുവനന്തപും: ഭൂരിപക്ഷമുണ്ടെന്ന് കരുതി ഏത് നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് മന്ത്രി എകെ ബാലന്‍. ഭരണഘടനാവിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി ആക്റ്റിനെതിരായ ഏറ്റവും ഉജ്ജ്വലമായ പ്രതിഷേധത്തിന് സംസ്ഥാന തലസ്ഥാനം വേദിയായെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഭരണഘടനയുടെ അടിത്തറ തകര്‍ക്കപ്പെടുകയും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണ് അമിത് ഷാ കൊണ്ടുവന്നിട്ടുള്ളത്. ഇതിനെതിരെ രാജ്യമാസകാലം പ്രതിഷേധം ആളിക്കത്തുകയാണ്.

രാജ്യം വലിയ ആശങ്കയിലാണ്. ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ ധ്വംസിക്കുന്നതുമായ ഈ നിയമ ഭേദഗതി നടപ്പാക്കില്ലെന്നു ആദ്യമായി പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇതിനു പിന്നാലെ നിരവധി മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നതെന്ന് മന്ത്രി പറയുന്നു. ഭൂരിപക്ഷമുണ്ടെന്നു കരുതി ഏതു നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ല. പാസാക്കുന്ന നിയമം ഭരണഘടനാനുസൃതമല്ലെങ്കില്‍ അത് നിലനില്‍ക്കില്ല. കോടതികള്‍ തന്നെ അവ തള്ളിക്കളഞ്ഞതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇനി എന്‍ആര്‍സി വരും. ഏതു പൗരനെയും എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് പൗരത്വം നിഷേധിച്ച് പുറത്താക്കുമെന്ന് മന്ത്രി പറയുന്നു.

2014 ഡിസംബര്‍ 31 കട്ട് ഓഫ് ഡേറ്റ് വച്ച് അതിനു മുമ്പ് അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വന്ന മുസ്ലിങ്ങളല്ലാത്തവര്‍ക്കു പൗരത്വം നല്‍കുമെന്ന് പറഞ്ഞാല്‍ ആരെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഇതൊക്കെ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ഹിന്ദുത്വ അജണ്ടക്കനുസൃതമായാണ് തയ്യാറാക്കുന്നതെന്നും എകെ ബാലന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഭരണഘടനാവിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി ആക്റ്റിനെതിരായ ഏറ്റവും ഉജ്ജ്വലമായ പ്രതിഷേധത്തിന് സംസ്ഥാന തലസ്ഥാനം ഇന്ന് വേദിയായി. ഭരണഘടനാവിരുദ്ധമായ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നു ചങ്കുറപ്പോടെ പ്രഖ്യാപിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തലയുടെയും മറ്റു നിരവധി നേതാക്കളുടെയും മന്ത്രിമാരുടെയും സാംസ്‌കാരിക സാമുദായിക സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു രാജ്യത്തിനാകെ മാതൃകയായ ജനാധിപത്യ സമരം നടന്നത്. മഹത്തായ ഈ പ്രക്ഷോഭത്തില്‍ സ്വാഗത പ്രസംഗം നടത്താന്‍ അവസരം ലഭിച്ചു.

ഭരണഘടനയുടെ അടിത്തറ തകര്‍ക്കപ്പെടുകയും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണ് അമിത് ഷാ കൊണ്ടുവന്നിട്ടുള്ളത്. ഇതിനെതിരെ രാജ്യമാസകാലം പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യം വലിയ ആശങ്കയിലാണ്. ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ ധ്വംസിക്കുന്നതുമായ ഈ നിയമ ഭേദഗതി നടപ്പാക്കില്ലെന്നു ആദ്യമായി പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇതിനു പിന്നാലെ നിരവധി മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നു.

ഭൂരിപക്ഷമുണ്ടെന്നു കരുതി ഏതു നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ല. പാസാക്കുന്ന നിയമം ഭരണഘടനാനുസൃതമല്ലെങ്കില്‍ അത് നിലനില്‍ക്കില്ല. കോടതികള്‍ തന്നെ അവ തള്ളിക്കളഞ്ഞതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇനി NRC വരും. ഏതു പൗരനെയും എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് പൗരത്വം നിഷേധിച്ച് പുറത്താക്കും. 2014 ഡിസംബര്‍ 31 കട്ട് ഓഫ് ഡേറ്റ് വച്ച് അതിനു മുമ്പ് അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വന്ന മുസ്ലിങ്ങളല്ലാത്തവര്‍ക്കു പൗരത്വം നല്‍കുമെന്ന് പറഞ്ഞാല്‍ ആരെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഇതൊക്കെ ആര്‍ എസ് എസിന്റെയും സംഘ്പരിവാറിന്റെയും ഹിന്ദുത്വ അജണ്ടക്കനുസൃതമായാണ് തയ്യാറാക്കുന്നത്.

ആര്‍ എസ് എസിന്റെ നേതാവ് എം എസ് ഗോള്‍വാള്‍ക്കര്‍ തന്റെ ‘We or Our Nationhood Defined ‘ എന്ന പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധേയമാണ്. ‘ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളല്ലാത്തവര്‍ ഒന്നുകില്‍ ഹിന്ദു മതം സ്വീകരിക്കുക. അല്ലെങ്കില്‍ ഹിന്ദു രീതികളെ ബഹുമാനിച്ചും കീഴടങ്ങിയും പൗരാവകാശമോ മറ്റു പ്രത്യേക അവകാശങ്ങളോ ഇല്ലാതെ ജീവിക്കുക. അതുമല്ലെങ്കില്‍ രാജ്യം വിട്ടുപോവുക’. ഇതനുസരിച്ചുള്ള പദ്ധതികളാണ് സംഘപരിവാര്‍ ആസൂത്രണം ചെയ്യുന്നത്. അതിന്റെ ഭാഗമാണ് മതത്തിന്റെ പേരില്‍ പൗരത്വം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ നിയമ ഭേദഗതി ആക്ട്. ഇതിനെതിരെ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം രാജ്യത്തിനാകെ മാതൃകയാണ്.

Exit mobile version