പൗരത്വ നിയമ ഭേദഗതി; ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ തള്ളി സിപിഎം; പ്രവര്‍ത്തകരോട് വിട്ട് നില്‍ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകള്‍ ഈ മാസം 17ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി സിപിഎം. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പ്പെടുന്നതിന് തുല്യമാണ് ഹര്‍ത്താലില്‍ പങ്കാളിയാകുന്നത്. അതിനാല്‍ ഇത്തരം ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സമിതി പ്രസ്താവനയില്‍ പറഞ്ഞു.

അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആര്‍എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. തീവ്രനിലപാടുകാരുമായി യോജിച്ച് സമരത്തിനില്ലെന്നും കാന്തപുരം വ്യക്തമാക്കി. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സമസ്തയും അറിയിച്ചിരുന്നു. ഹര്‍ത്താലുമായി ബന്ധമില്ലെന്നും പ്രവര്‍ത്തകരോടെ വിട്ട് നില്‍ക്കണമെന്ന് യൂത്ത് ലീഗും അറിയിച്ചിരുന്നു.

Exit mobile version