കല്ല്യാണദിവസവും മനു പതിവ് തെറ്റിച്ചില്ല: ഒക്കത്തെടുത്ത് ഏട്ടന്‍, ചോറൂട്ടി ഏടത്തിയമ്മ, സോഷ്യല്‍ലോകം കീഴടക്കി സഹോദര സ്‌നേഹം

തിരുവനന്തപുരം: തിരുവനന്തപുരം പുളിയറക്കോണം സ്വദേശികളായ മനുവും മീനുവും
അടുത്തിടെയാണ് സഹോദര സ്‌നേഹത്തിലൂടെ സോഷ്യല്‍ലോകം കീഴടക്കിയത്. വിവാഹനിശ്ചയ ദിനത്തില്‍ അരയ്ക്ക് താഴെ തളര്‍ന്ന അനിയത്തിയെ എടുത്തുനടക്കുന്ന വീഡിയോ വൈറലായതോടെയാണ് മനുവിനെയും മീനുക്കുട്ടിയെയും പ്രിയപ്പെട്ടവരാക്കിയത്.

അരയ്ക്കു താഴേയ്ക്ക് തളര്‍ന്നു പോയ പെങ്ങളെ 28 വര്‍ഷമായി തോളിലേറ്റി നടക്കുകയാണ് മനു. അടുത്തിടെ സുഹൃത്തുകള്‍ ചേര്‍ന്ന് മീനുവിന് ഒരു ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ചിരുന്നു. ഈ വീല്‍ചെയറിലിരുന്നാണ് മീനു ഏട്ടന്റെ കല്യാണത്തിനെത്തിയത്.

വിവാഹം കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് മനുവിന്റെ ഒക്കത്തിരുന്നാണ് മീനു എത്തിയത്. ഏട്ടനും ഏട്ടത്തിക്കുമൊപ്പമിരുന്ന് സദ്യ കഴിക്കുകയും ചെയ്തു.
സദ്യ കഴിയ്ക്കുന്നിടത്തേക്ക് മീനുവിനെ ഒക്കത്തെടുത്ത് കൊണ്ടാണ് ഏട്ടന്‍ പോയത്. കൈ കഴുക്കിച്ച ശേഷം ഏട്ടത്തിയമ്മയ്ക്കും ഏട്ടനുമൊപ്പം സന്തോഷത്തോടെ സദ്യ കഴിക്കുന്ന മീനുവിനെ വീഡിയോയില്‍ കാണാം. ഏട്ടത്തിയമ്മ മീനുവിന് സ്‌നേഹപൂര്‍വ്വം ചോര്‍ ഉരുട്ടി കൊടുക്കുന്നതും കാണാം

തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍ കൂടിയായ രമ്യ രമേഷിനെയാണ് മനു ജീവിതസഖിയാക്കിയത്. താനും അമ്മയും ജോലിക്കു പോകുമ്പോള്‍ അനുജത്തിക്ക് കൂട്ടായി സ്‌നേഹമുള്ള ഒരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടണമെന്നായിരുന്നു മനുവിന്റെ ആഗ്രഹം.ആ അന്വേഷണമാണ് രമ്യയിലെത്തിയത്.

പുളിയറക്കോണത്ത് ഓട്ടോ ഓടിക്കുന്ന മനുവിന് അനുജത്തിയെ ഒഴിവാക്കി ചടങ്ങുകളില്ല. ബന്ധു വീടുകളിലും ഒഴിവാക്കാനാകാത്ത ചടങ്ങുകള്‍ക്കും കൂടപ്പിറപ്പിനെ ഒക്കത്തെടുത്താണ് കൊണ്ടുപോകുന്നത്.

Exit mobile version