സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം; എക്‌സൈസ് പരിശോധന തുടങ്ങി, ഒന്നും കണ്ടെത്താനായില്ല, വരും ദിവസങ്ങളിലും പരിശോധന തുടരും

ഒരുവിഭാഗത്തെയും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണം നിലനില്‍ക്കെ എക്‌സൈസ് പരിശോധന തുടങ്ങി. സംസ്ഥാനത്തെ ചില സിനിമകളുടെ ലൊക്കേഷനുകളില്‍ ഇന്നലെ പരിശോധന നടത്തിയതായി എക്‌സൈസ് വിഭാഗം പറയുന്നു. എന്നാല്‍ പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായില്ലെന്നും, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എക്‌സൈസ് അസി. കമ്മീഷണര്‍ ദാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു.

ഒരുവിഭാഗത്തെയും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരോധിച്ച മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി വ്യക്തമായാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏത് ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്താണ് പരിശോധന നടത്തിയതെന്നാണ് വിവരം.

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കവേയാണ് സിനിമാ ലൊക്കേഷനുകളില്‍ വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.

Exit mobile version