പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു

കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ അപകടത്തിന് ഇടയാക്കിയ കുഴി അടച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ജനരോഷമുയര്‍ന്നതോടെ പ്രശ്‌നത്തില്‍ ഇടപെട്ട കല്ക്ടര്‍ അന്ത്യശാസനം നല്‍കിയതോടെയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ രാത്രിയില്‍ തന്നെ കുഴിയടച്ചത്.

ജല അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി പതിനൊന്ന് മണിയോടെ ജോലി തുടങ്ങിയത്. പത്ത് മണിക്ക് ജോലി ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരന്നത്.

എന്നാല്‍ എട്ട് മണിയോടെ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധം തുടങ്ങി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പണി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പോലീസെത്തി പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ആവശ്യം നിരസിച്ചു.

കഴിഞ്ഞ ദിവസമാണ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് ലോറി കയറി കൂനമ്മാവ് സ്വദേശി യദുലാല്‍ (23)മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറി ഇറങ്ങി. സംഭവസ്ഥലത്തുവെച്ചു തന്നെ യദുലാല്‍ മരിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

Exit mobile version