ചൈനീസ് റെസ്റ്ററേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യ പഠിക്കാം; അവസരത്തെ കുറിച്ച് മന്ത്രി എകെ ബാലന്‍

കാലപ്പഴക്കത്താല്‍ പുതുതലമുറയ്ക്ക് നഷ്ടപ്പെടാവുന്ന, ഫിലിമില്‍ നിര്‍മ്മിച്ച പഴയകാല സിനിമകളെ ദൃശ്യവ്യക്തതയും ശബ്ദ വ്യക്തതയും നിലനിര്‍ത്തിക്കൊണ്ട് ഡിജിറ്റൈസ് ചെയ്യുന്ന സാങ്കേതികവിദ്യ ചൈനയില്‍ ഏറെ പുരോഗമിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ഷിങ് ഷിന്‍യാന്റെ നേതൃത്വത്തില്‍ എത്തിയ ഒമ്പത് അംഗ ചൈനീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി എകെ ബാലന്‍. വസതിയില്‍ എത്തിയാണ് സംഘം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കാലപ്പഴക്കത്താല്‍ പുതുതലമുറയ്ക്ക് നഷ്ടപ്പെടാവുന്ന, ഫിലിമില്‍ നിര്‍മ്മിച്ച പഴയകാല സിനിമകളെ ദൃശ്യവ്യക്തതയും ശബ്ദ വ്യക്തതയും നിലനിര്‍ത്തിക്കൊണ്ട് ഡിജിറ്റൈസ് ചെയ്യുന്ന സാങ്കേതികവിദ്യ ചൈനയില്‍ ഏറെ പുരോഗമിച്ചിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ പഠിക്കാന്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കും അവസരമൊരുക്കുമെന്ന് ചൈന ഫിലിം ഗ്രൂപ്പ് കോര്‍പ്പറേഷന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും പ്രതിനിധി സംഘ തലവനുമായ ഷിങ് ഷിന്‍യാന്‍ ഉറപ്പു നല്‍കിയതായി മന്ത്രി അറിയിച്ചു.

ചൈനീസ് റെസ്റ്ററേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഡിജിറ്റല്‍ സാങ്കേതികവിദ്യ പഠിക്കാമെന്നും മന്ത്രി പറയുന്നു. ഇരു രാജ്യങ്ങളിലെയും ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഒരുമിച്ച് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയും ഈ പ്രതിനിധി സംഘം മുന്നോട്ടുവെച്ചതായും അദ്ദേഹം അറിയിച്ചു.

90 വര്‍ഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത രൂപത്തില്‍ നശിച്ചു പോയിട്ടുണ്ട്. അവ ഈ സാങ്കേതികവിദ്യയിലൂടെ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ചലച്ചിത്ര സംസ്‌കാരത്തിന്റെ കൂടുതല്‍ സമ്പത്തുകള്‍ നമുക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനായ ഋത്വിക് ഘട്ടക്കിന്റെ അജാന്ത്രിക്, ജുക്തി തപ്പോ ഔര്‍ ഗപ്പൊ, തിതാര്‍ എക്ടീ നൊദീര്‍ നാം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ജര്‍മ്മനിയിലെ ഒരു സ്ഥാപനത്തിന്റെ സഹായത്തോടെ ഇത്തരത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞ അനുഭവം നമ്മുടെ മുന്നിലുണ്ട്.

ഇത്തരത്തില്‍ മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഇതുവരെ നമ്മുടെ ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത ചിത്രങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ പാകത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു നേട്ടമായിരിക്കും. ഇക്കാര്യത്തില്‍ പരമാവധി വേഗത്തില്‍ നടപടികള്‍ നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ. ഷിങ് ഷിന്‍യാന്റെ നേതൃത്വത്തില്‍ എത്തിയ ഒമ്പത് അംഗ ചൈനീസ് പ്രതിനിധി സംഘവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. എന്റെ വീട്ടില്‍ വന്ന സംഘവുമായി രണ്ടു മണിക്കൂറോളം ചെലവഴിച്ചു. ചലച്ചിത്ര മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ സംബന്ധിച്ചാണ് പ്രധാനമായും സംസാരിച്ചത്.

കാലപ്പഴക്കത്താല്‍ പുതുതലമുറയ്ക്ക് നഷ്ടപ്പെടാവുന്ന, ഫിലിമില്‍ നിര്‍മ്മിച്ച പഴയകാല സിനിമകളെ ദൃശ്യവ്യക്തതയും ശബ്ദ വ്യക്തതയും നിലനിര്‍ത്തിക്കൊണ്ട് ഡിജിറ്റൈസ് ചെയ്യുന്ന സാങ്കേതികവിദ്യ ചൈനയില്‍ ഏറെ പുരോഗമിച്ചിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ പഠിക്കാന്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കും അവസരമൊരുക്കുമെന്ന് ചൈന ഫിലിം ഗ്രൂപ്പ് കോര്‍പ്പറേഷന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും പ്രതിനിധി സംഘ തലവനുമായ ഷിങ് ഷിന്‍യാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ചൈനീസ് റെസ്റ്ററേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഡിജിറ്റല്‍ സാങ്കേതികവിദ്യ പഠിക്കാം. ഇരു രാജ്യങ്ങളിലെയും ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഒരുമിച്ച് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയും ഈ പ്രതിനിധി സംഘം മുന്നോട്ടുവെച്ചിട്ടുണ്ട്.

90 വര്‍ഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത രൂപത്തില്‍ നശിച്ചു പോയിട്ടുണ്ട്. അവ ഈ സാങ്കേതികവിദ്യയിലൂടെ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ചലച്ചിത്ര സംസ്‌കാരത്തിന്റെ കൂടുതല്‍ സമ്പത്തുകള്‍ നമുക്ക് ലഭിക്കും.

വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനായ ഋത്വിക് ഘട്ടക്കിന്റെ അജാന്ത്രിക്, ജുക്തി തപ്പോ ഔര്‍ ഗപ്പൊ, തിതാര്‍ എക്ടീ നൊദീര്‍ നാം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ജര്‍മനിയിലെ ഒരു സ്ഥാപനത്തിന്റെ സഹായത്തോടെ ഇത്തരത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഇത്തരത്തില്‍ മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഇതുവരെ നമ്മുടെ ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത ചിത്രങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ പാകത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു നേട്ടമായിരിക്കും. ഇക്കാര്യത്തില്‍ പരമാവധി വേഗത്തില്‍ നടപടികള്‍ നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

Exit mobile version