മൂന്ന് തവണയും ഏറ്റെടുക്കാന്‍ ആളില്ല, ഇകെ നായനാരുടെ ‘ബെന്‍സ്’ വീണ്ടും ലേലത്തിന്; ഇത്തവണ പ്രതീക്ഷിക്കുന്നത് ഇരുമ്പ് വില മാത്രം

അംബാസഡര്‍ കാറുകളെ സ്‌നേഹിച്ചിരുന്ന നായനാരെ അംബാസഡര്‍ മാറ്റി ബെന്‍സാക്കാന്‍ ഉപദേശിച്ചതു കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു.

ആലുവ: മുന്‍ മുഖ്യമന്ത്രി ഇകെ നയനാരുടെ 1998 മോഡല്‍ മേഴ്സിഡസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന് വെയ്ക്കുന്നു. മൂന്ന് തവണയും ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നതോടെയാണ് നാലാം തവണയും കാര്‍ ലേലത്തിന് വെയ്ക്കുന്നത്. 1996 മുതല്‍ 2001 വരെ നായനാര്‍ മൂന്നാമത് മുഖ്യമന്ത്രി ആയ കാലത്ത് ഉപയോഗിച്ച കാറാണിത്. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഈ കാര്‍ ഉപയോഗിച്ചിരുന്നു.

അംബാസഡര്‍ കാറുകളെ സ്‌നേഹിച്ചിരുന്ന നായനാരെ അംബാസഡര്‍ മാറ്റി ബെന്‍സാക്കാന്‍ ഉപദേശിച്ചതു കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ ഹൃദ്രോഗ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ കണക്കിലെടുത്തായിരുന്നു കരുണാകരന്റെ ഈ ഉപദേശം നല്‍കിയത്. എന്നാല്‍ 2001ല്‍ മുഖ്യമന്ത്രി കസേരയിലെത്തിയ എകെ ആന്റണി ഈ ബെന്‍സ് കാര്‍ ഉപയോഗിച്ചില്ല. ഇതോടെ സംസ്ഥാനത്തെ അതിഥികളായി എത്തുന്ന വിഐപികളുടെ സഞ്ചാരത്തിനായി കുറേക്കാലം കാര്‍ ഉപയോഗിച്ചു.

ഒടുവില്‍ ലക്ഷങ്ങള്‍ അറ്റകുറ്റപ്പണി ആകുമെന്ന അവസ്ഥയായപ്പോഴാണ് കാറിന്റെ ഉപയോഗം പൂര്‍ണ്ണമായും അവസാനിപ്പിച്ചത്. ശേഷം തിരുവനന്തപുരത്തു നിന്നും ഈ ബെന്‍സ് ആലുവയില്‍ എത്തിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി ഈ കാര്‍ ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടുലക്ഷം രൂപ വിലയിട്ടു ലേലം ചെയ്തിട്ടും വിറ്റുപോകാത്ത കാര്‍ ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആദ്യം ലേലത്തിനു വച്ചപ്പോള്‍ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന സ്ഥിതിയിലായിരുന്ന കാര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ചെളി കയറി എന്‍ജിന്‍ തകരാറിലായതോടെ തീര്‍ത്തും ഉപയോഗ ശൂന്യമായി. ഇപ്പോള്‍ ഇരുമ്പു വില മാത്രമാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version