ബാക്കുറാവു എന്ന പോര്‍ട്ടുഗീസ് സിനിമ വ്യത്യസ്തമായ ഒരു രാഷ്ട്രീയാനുഭവമായിരുന്നു; എകെ ബാലന്‍

കഴിഞ്ഞ ദിവസം കണ്ട സിനിമയുടെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.

തിരുവനന്തപുരം: ബാക്കുറാവു എന്ന പോര്‍ട്ടുഗീസ് ഇംഗ്ലീഷ് സിനിമ വ്യത്യസ്തമായ ഒരു രാഷ്ട്രീയാനുഭവമായിരുന്നുവെന്ന് മന്ത്രി എകെ ബാലന്‍. കഴിഞ്ഞ ദിവസം കണ്ട സിനിമയുടെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. സാമ്രാജ്യത്വത്തിന്റെയും ധനമൂലധന ശക്തികളുടെയും അധിനിവേശ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്ന പ്രാദേശിക ജനതയെയാണ് ബാക്കു റാവു എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

പുതിയ ലോകക്രമം തനത് ജീവിതം സംരക്ഷിക്കുന്ന ജനതകളെ എങ്ങനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ സിനിമാ ആവിഷ്‌കാരമാക്കിയിരിക്കയാണ് ക്ലെബെര്‍ മെന്‍ഡോണ്‍ക ഫില്‍ഹോയും ജൂലിയാനോ ഡോണലസും എന്ന് അദ്ദേഹം കുറിച്ചു. സാമ്രാജ്യത്വത്തിന്റെയും ധനമൂലധനത്തിന്റെയും ഏറ്റവും പുതിയ പതിപ്പായ നവ ഉദാരവല്‍ക്കരണ തന്ത്രങ്ങള്‍ പ്രാദേശിക ജനസമൂഹത്തെയും അവരുടെ സമ്പന്നമായ സംസ്‌കാരത്തെയും എങ്ങനെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന രാഷ്ടീയമാണ് സിനിമ പങ്കുവെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നിശാഗന്ധിയില്‍ ഇന്ന് കണ്ട ബാക്കുറാവു എന്ന പോര്‍ട്ടുഗീസ് / ഇംഗ്ലീഷ് സിനിമ വ്യത്യസ്തമായ ഒരു രാഷ്ട്രീയാനുഭവമായിരുന്നു.

സാമ്രാജ്യത്വത്തിന്റെയും ധനമൂലധന ശക്തികളുടെയും അധിനിവേശ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്ന പ്രാദേശിക ജനതയെയാണ് ബാക്കു റാവു എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പുതിയ ലോകക്രമം തനത് ജീവിതം സംരക്ഷിക്കുന്ന ജനതകളെ എങ്ങനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ സിനിമാ ആവിഷ്‌കാരമാക്കിയിരിക്കയാണ് ക്ലെബെര്‍ മെന്‍ഡോണ്‍ക ഫില്‍ഹോ യും ജൂലിയാനോ ഡോണലസും.

ബ്രസീലിലെ ഒരു വിദൂര ഗ്രാമമാണ് ബാക്കു റാവു. തന്റെ അമ്മൂമ്മയുടെ സംസ്‌കാര ചടങ്ങിന് ഗ്രാമത്തിലെത്തിയ തെരേസ എന്ന യുവതി അവിടെ കാണുന്ന കാഴ്ചകളാണ് ചിത്രത്തിലുള്ളത്. കുടിവെള്ളം വിതരണം ചെയ്യുന്ന ഒരു യുവാവാണ് തെരേസയെ ഗ്രാമത്തിലെത്തിക്കുന്നത്. പുതിയ ഗൂഗിള്‍ മാപ്പുകളില്‍ ബാക്കുറാവു എന്ന ഈ ഗ്രാമത്തെ കണ്ടെത്താന്‍ കഴിയുന്നില്ല. പഴയ മാപ്പുകളില്‍ മാത്രമേ കാണുന്നുള്ളൂ. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ജനതയുടെ ജീവിതത്തെ സഹായിക്കുന്ന ഒരു വികസന പ്രവര്‍ത്തനവും അവിടെയില്ല. പ്രാദേശിക ഭരണകൂടത്തിന്റെ തലവനായ മേയര്‍ ജനങ്ങള്‍ക്ക് ധാരാളം വാഗ്ദാനങ്ങള്‍ നല്‍കുന്നു. അതെല്ലാം പൊള്ളയാണെന്ന് അനുഭവത്തില്‍ നിന്ന് ജനങ്ങള്‍ക്കറിയാം.

സാമ്രാജ്യത്വ ശക്തികള്‍ക്കു വേണ്ടി ഈ ഗ്രാമത്തെ കയ്യടക്കാനുള്ള ശ്രമങ്ങള്‍ മേയറുടെ നേതൃത്വത്തില്‍ നടക്കുന്നു. ഗ്രാമീണര്‍ ഒരു കുടിയൊഴിക്കലിനെ ഭയക്കുകയാണ്. തങ്ങളുടെ തനതു ജീവിതവും സംസ്‌കാരവും ഒക്കെ തകരുമെന്ന ഭീതിയിലാണവര്‍. അത് സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ ഒടുവില്‍ വിജയിക്കുക തന്നെ ചെയ്യുന്നു.

സാമ്രാജ്യത്വത്തിന്റെയും ധനമൂലധനത്തിന്റെയും ഏറ്റവും പുതിയ പതിപ്പായ നവ ഉദാരവല്‍ക്കരണ തന്ത്രങ്ങള്‍ പ്രാദേശിക ജനസമൂഹത്തെയും അവരുടെ സമ്പന്നമായ സംസ്‌കാരത്തെയും എങ്ങനെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന രാഷ്ടീയമാണ് സിനിമ പങ്കുവെക്കുന്നത്.

Exit mobile version