പാര്‍ട്ടി നിലവിലുള്ളത് പോലെ പ്രവര്‍ത്തിക്കും; കോടിയേരിക്ക് പകരം ആര്‍ക്കും ചുമതലയില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്ക് പ്രവേശിക്കുമ്പോള്‍ പകരം ചുമതലയില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നിലവിലുള്ളത് പോലെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോവാനാണ് തീരുമാനം. പാര്‍ട്ടി സെന്റര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ചികിത്സയുടെ ഭാഗമായി ഈ മാസം 30 മുതലാണ് കോടിയേരി അവധിയെടുക്കുന്നത്. ഈ കാലയളവില്‍ പകര ചുമതല എംവി ഗോവിന്ദന് കൈമാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംവി ഗോവിന്ദന്‍ മാസ്റ്ററുടെയും പ്രതികരണം.

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുമെന്ന വാര്‍ത്തയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കുകയാണ്. മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ വിദേശസന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷം ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗമാണ് ഇന്നത്തേത്. പ്രതിപക്ഷം വലിയ വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ വിദേശസന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.

Exit mobile version