ഐഎഫ്എഫ്‌കെ; ബുധനാഴ്ച മുതല്‍ ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്യും

രാവിലെ 11 മണി മുതല്‍ ടാഗോര്‍ തീയ്യേറ്ററില്‍ നിന്ന് പാസുകള്‍ വിതരണം ചെയ്തു തുടങ്ങും

തിരുവനന്തപുരം: ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസുകള്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തീയ്യേറ്ററില്‍ നിന്ന് പാസുകള്‍ വിതരണം ചെയ്തു തുടങ്ങും. ഐഎഫ്എഫ്‌കെയ്ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാവുന്നതാണ്.

ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോര്‍ തീയ്യേറ്ററില്‍ ചലച്ചിത്ര അക്കാദമി ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതിക സഹായത്തിനും പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്. പാസുകള്‍ക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കുന്നതിനായി പത്ത് കൗണ്ടറുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പതിനാല് തീയ്യേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തീയ്യേറ്ററായ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശനവേദി. ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

Exit mobile version