നടി ആക്രമിക്കപ്പെട്ട കേസ്; ഇന്ന് പ്രത്യേക കോടതിയില്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കും, ദിലീപ് ഹാജരായേക്കും

തുടര്‍ച്ചയായ മൂന്നാം തവണ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍ കുമാറിന്റെ ജാമ്യം വിചാരണക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കും. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേലുള്ള പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ പൂര്‍ത്തിയാിരുന്നു. ഇന്ന് പ്രതിഭാഗത്തിന്റെ വാദമാണ് തുടങ്ങുന്നത്. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തുടര്‍ച്ചയായ മൂന്നാം തവണ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍ കുമാറിന്റെ ജാമ്യം വിചാരണക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി തളളിയിരുന്നു.

നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാത്തതെന്നും ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version