‘രണ്ടാമൂഴം’സിനിമയാക്കരുത്: വിഎ ശ്രീകുമാറിനെതിരെ എംടി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:’രണ്ടാമൂഴം’സിനിമയാക്കരുതെന്ന് ആവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍. അനുമതി ആവശ്യപ്പെട്ട് സംവിധായകന്‍ വിഎ ശ്രീകുമാര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള തടസ ഹര്‍ജിയാണ് എംടി ഫയല്‍ ചെയ്തിരിക്കുന്നത്.

രണ്ടാമൂഴം സംബന്ധിച്ച തര്‍ക്കം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടണമെന്ന ശ്രീകുമാറിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമുള്ള നിലപാടിലാണ് എംടി.

നാലര കൊല്ലം മുമ്പാണ് രണ്ടാമൂഴം തിരക്കഥ എംടി വിഎ ശ്രീകുമാറിന് കൈമാറിയത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനായി ആയിരം കോടി ചിത്രത്തിനായി മുടക്കുമെന്ന് പ്രഖ്യാപിച്ച് വ്യവസായി ബിആര്‍ ഷെട്ടിയും രംഗത്തെത്തിയിരുന്നു.

കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു എംടിയും വിഎ ശ്രീകുമാറുമായുള്ള ധാരണ. നാല് വര്‍ഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എംടി സംവിധായകനും നിര്‍മ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എംടി ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിന് ശേഷവും വിഎ ശ്രീകുമാര്‍ പുതിയ വലിയ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് പിന്നണി പ്രവര്‍ത്തകരെ ക്ഷണിച്ചുള്ള പോസ്റ്ററും സംവിധായകന്‍ പുറത്തുവിട്ടിരുന്നു.

Exit mobile version