കാറിന്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര: കാര്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; ഉടമയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യും

കോഴിക്കോട്: താമരശേരി ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കാറിന്റെ ഡിക്കിയില്‍ പിന്നിലേക്ക് കാലിട്ട് സാഹസികയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

2001 മോഡല്‍ സാന്‍ട്രോ കാറാണ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമ പേരാമ്പ്ര സ്വദേശി ഷബീറിന്റെ ലൈസന്‍സ് നാളെ മുതല്‍ താല്‍കാലികമായി സസ്പെന്റ് ചെയ്യും.

ഉടമയോട് നേരിട്ട് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ എത്താത്തതിനെതുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷബീര്‍ തന്നെയായിരുന്നു വാഹനമോടിച്ചതെന്നും കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് താമരശേരി ചുരത്തിന്റെ അഞ്ചാം വളവിലൂടെ, കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസികയാത്ര നടത്തിയത്.

കാറിന്റെ ഉടമ ഇന്ന് വാഹനവുമായി നേരിട്ട് ഹാജരാകണമെന്ന് കോഴിക്കോട് ആര്‍ടിഒ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കാര്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ചേവായൂരില്‍ നിന്നാണ് കാര്‍ പിടികൂടിയത്.

Exit mobile version